
സ്വര്‍ണക്കടത്തുകാരുടെ സിം കാര്‍ഡുകള്‍ അന്യസംസ്ഥാനക്കാരുടെ പേരില്‍
Posted on: 08 Jul 2015
നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്തിനായി മൂവാറ്റുപുഴ സംഘം ഉപയോഗിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ പേരില്‍ എടുത്ത സിം കാര്‍ഡുകള്‍. ഓരോ ഓപ്പറേഷന്‍ കഴിയുമ്പോഴും അതിനായി ഉപയോഗിച്ച സിം കാര്‍ഡുകള്‍ ഉപേക്ഷിക്കും. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ നൗഷാദാണ് സിം കാര്‍ഡുകള്‍ സംഘാംഗങ്ങള്‍ക്ക്്് നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത്് സന്ദേശങ്ങള്‍ കൈമാറുന്നതിന് ഓരോരുത്തര്‍ക്കും പ്രത്യേകം മൊബൈല്‍ ഫോണുകളും നല്‍കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്താണ് സിം കാര്‍ഡുകള്‍ തരപ്പെടുത്തിയിരിക്കുന്നത്. സിം കാര്‍ഡുകള്‍ അനുവദിച്ച കടക്കാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. മൂവാറ്റുപുഴയിലെ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചില കടകള്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന സിം കാര്‍ഡുകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള സാധ്യതയുള്ളതിനാല്‍ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം ഇതിനെ കാണുന്നത്.
