Crime News

ആഡംബരക്കാരെ കുടുക്കാന്‍ വരുന്നു 'സര്‍പ്രൈസ് ചെക്കിങ്'.....

Posted on: 08 Jul 2015


നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്തിലൂടെ മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിന്‍ കോടികള്‍ സമ്പാദിച്ചതായി കണ്ടെത്തിയതിനാല്‍ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ 'സര്‍പ്രൈസ് ചെക്കിങ്' ഏര്‍പ്പെടുത്തുന്നു. ആഡംബരത്തില്‍ ജീവിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. പെട്ടെന്ന് സാമ്പത്തിക വളര്‍ച്ച ഉണ്ടായവരെ പ്രത്യേകം നിരീക്ഷിക്കും.

ഓരോ വര്‍ഷവും എമിഗ്രേഷനില്‍ ജോലി നോക്കുന്നവരുടെ സാമ്പത്തിക നില രഹസ്യമായി പരിശോധിക്കും. ലോക്കല്‍ പോലീസിന്റെയും ഇന്റലിജന്‍സ് ബ്യുറോയുടെയും സഹായത്തോടെയായിരിക്കും വിവരങ്ങള്‍ ശേഖരിക്കുകയെന്ന് കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കെ. സേതുരാമന്‍ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതായി കണ്ടാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജാബിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ച അമ്പരപ്പിക്കും വിധമായിരുന്നു. അതുകൊണ്ടുതന്നെ സഹ പ്രവര്‍ത്തകരില്‍ പലര്‍ക്കും ജാബിന്റെ നീക്കങ്ങളില്‍ സംശയം ഉണ്ടായിരുന്നു. പിതാവിന് വലിയ ബിസിനസ്സാണെന്നും ഭാര്യ ഡോക്ടര്‍ ആണെന്നുമൊക്കെയാണ് ജാബിന്‍ സഹ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. പുതിയ ആഡംബര കാര്‍ ഭാര്യാപിതാവ് വാങ്ങിക്കൊടുത്തതാണെന്നും സഹ പ്രവര്‍ത്തകരെ വിശ്വസിപ്പിച്ചു. സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെട്ടതോടെയാണ് ജാബിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ശുദ്ധീകരണം നടത്താനൊരുങ്ങുകയാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. കേരള പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരെയെല്ലാം ഘട്ടം ഘട്ടമായി സ്ഥലം മാറ്റും. ഇതിനായി ലിസ്റ്റ് തയ്യാറാക്കി തുടങ്ങി. ഡല്‍ഹിയില്‍ 120 പേര്‍ എമിഗ്രേഷന്‍ ജോലികള്‍ക്കായി പ്രത്യേകം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ കുറച്ചുപേരെ കൊച്ചി വിമാനത്താവളത്തിലും നിയമിക്കും.

 

 




MathrubhumiMatrimonial