
ഇറാനിയന്‍ ബോട്ട്: ഐ.എസ്സുമായി ബന്ധമെന്ന് സംശയം; കേസ് എന്‍.ഐ.എ.യ്ക്ക്
Posted on: 07 Jul 2015

തിരുവനന്തപുരം: സമുദ്രാതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടിലുള്ളവര്‍ക്ക് ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയം. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ പോലീസ് ശുപാര്‍ശചെയ്തു. വിഴിഞ്ഞം സി.ഐ. സ്റ്റൂവര്‍ട്ട് കീലറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി. സെന്‍കുമാറാണ് ശുപാര്‍ശ സര്‍ക്കാറിന് കൈമാറിയത്.
ഞായറാഴ്ച രാത്രി ദേശീയ അന്വേഷണ ഏജന്‍സി ഡിവൈ.എസ്.പി. വിഴിഞ്ഞത്തെത്തി ബോട്ടിലുള്ളവരെ ചോദ്യം ചെയ്തു. പാകിസ്താനികളും ഇറാനികളുമായ ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുള്ളതായാണ് എന്‍.ഐ.എ.യുടെ സംശയം. തീവ്രവാദമേഖലയിലുള്ളവരാണ് പിടിയിലായവര്‍. അതിനാല്‍ കേസ് എന്‍.ഐ.എ. ഏറ്റെടുക്കേണ്ടതാണെന്ന് ചോദ്യംചെയ്ത എന്‍.ഐ.എ. ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്തു. കേസ് ഏറ്റെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് എന്‍.ഐ.എ.ഡയറക്ടറാണ്. ചൊവ്വാഴ്ച അന്തിമതീരുമാനമുണ്ടാകും.
ഇറാനിയന്‍ ബോട്ടായ ബറൂക്കി കള്ളക്കടത്തിന് ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മെയ് 25ന് ഇറാനിലെ കാലാട്ട് നിന്ന് പുറപ്പെട്ട ബോട്ട് യന്ത്രത്തകരാറിനെത്തുടര്‍ന്നാണ് കാറ്റിനനുസരിച്ച് ഇന്ത്യ സമുദ്രാതിര്‍ത്തിയിലെത്തിയത്. പോലീസ്, റോ, ഐ.ബി., എന്‍.ഐ.എ., മിലിട്ടറി, എയര്‍ഫോഴ്‌സ്, നേവി ഉദ്യോഗസ്ഥര്‍ പിടിയിലായവരെ ചോദ്യം ചെയ്തു. ഇവര്‍ നടത്തിയ പരിശോധനയില്‍ മീന്‍പിടിത്ത ബോട്ടല്ല ബറൂക്കിയെന്ന് ഉറപ്പുവരുത്തി. അതിനാലാണ് ഇത് കള്ളക്കടത്തുബോട്ടാണെന്ന നിഗമനത്തിലെത്തിയത്. പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ കള്ളക്കടത്തുസാധനങ്ങള്‍ കടലില്‍ ഉപേക്ഷിച്ചതാകാമെന്നാണ് ബോട്ട് പരിശോധിച്ച ഏജന്‍സികളുടെ വിലയിരുത്തല്‍.
ബോട്ടിലെ ഉപഗ്രഹഫോണില്‍നിന്ന് പാകിസ്താനിലേക്കും തായ്‌ലാന്‍ഡിലേക്കും വിളിച്ച കോളുകളാണ് ഇവരെ പിടികൂടാനിടയാക്കിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഉപഗ്രഹഫോണ്‍ ഇന്ത്യയില്‍ നിരോധിച്ചതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് പറഞ്ഞു. കോളുകളുടെ വിശദാംശങ്ങള്‍ വീണ്ടെടുക്കാനായി സി.ഡാക്കിനെ ഏല്പിച്ചതായും കമ്മീഷണര്‍ പറഞ്ഞു.
പിടിയിലായ 12പേര്‍ക്കും പാസ്‌പോര്‍ട്ടില്ല. പാകിസ്താനിലെയും ഇറാനിലെയും തിരിച്ചറിയല്‍രേഖകളുടെ പകര്‍പ്പേയുള്ളൂ. ഇവരില്‍നിന്ന് 10 സിംകാര്‍ഡുകള്‍ കണ്ടെത്തി. ഇവ ഏതുരാജ്യത്തേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാകിസ്താന്റെയും ഇറാന്റെയും ഒന്‍പത് കറന്‍സിയും കിട്ടി.
ശനിയാഴ്ചരാത്രി 11 മണിയോടെ ആലപ്പുഴ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ക്യാപ്റ്റന്‍ അബ്ദുള്‍ മജീദ് (30), ഷഹബാദ്(32), ഹൂസൈന്‍(48), ജംഷാദ്(25), മുഹമ്മദ്(26), അഹമ്മദ്(46), കാസിം(50), അബ്ദുള്‍ ഖാദര്‍(50), പരേശ്(45), വാഹിദ്(35), ഷാഹിദ്(30), ഇലാഹി ബക്ഷ്(40) എന്നിവരെയാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.
വിഴിഞ്ഞം പോലീസിന് കൈമാറിയ ഇവരെ വന്‍സുരക്ഷാസന്നാഹത്തോടെ തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. 17വരെ റിമാന്‍ഡ് ചെയ്തു. മാരിടൈം, സുവ (സപ്രഷന്‍ ഓഫ് അണ്‍ ലോഫുള്‍ ആക്ടിവിറ്റി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇവരെ കൊണ്ടുവരുന്നതറിഞ്ഞ് കോടതിയിലും പരിസരത്തും നല്ല തിരക്കായിരുന്നു. ഒപ്പം മാധ്യമപ്പടയും. വിദേശ ദൃശ്യമാധ്യമങ്ങളും ഉണ്ടായിരുന്നു.
