Crime News

സ്‌കൂള്‍ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കുനേരെ മുഖംമൂടി ആക്രമണം

Posted on: 07 Jul 2015


കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ബസ് കാത്തുനിന്ന 13കാരിയെ മുഖംമറച്ചെത്തിയയാള്‍ ആക്രമിച്ചു. അടികൊണ്ടുവീണ പെണ്‍കുട്ടിയെ മയക്കുമരുന്ന് മണപ്പിക്കാനും ശ്രമമുണ്ടായി. ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമി ഓടിമറഞ്ഞു.
26-ാംമൈല്‍ ആസ്പത്രിക്കുസമീപം പാലമ്പ്രറോഡില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ടൗണിലെ എയ്ഡഡ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിക്കാണ് മര്‍ദ്ദനമേറ്റത്.

പെണ്‍കുട്ടി പറയുന്നതിങ്ങനെ: രാവിലെ ബസ് കാത്തുനില്‍ക്കുമ്പോള്‍ സമീപത്തെ റബ്ബര്‍ ത്തോട്ടത്തില്‍നിന്ന് മുഖംമറച്ചെത്തിയ ആള്‍ കൈയില്‍ കരുതിയിരുന്ന മയക്കുമരുന്ന് മണപ്പിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞപ്പോള്‍ കമ്പുകൊണ്ട് തലയിലും മുഖത്തും അടിച്ചു. തുടര്‍ന്ന് കൈകൊണ്ടുംഅടിച്ചു. അടിയുടെ ആഘാതത്തില്‍ താഴെ വീണതോടെ നിലവിളിച്ചു. നിലവിളികേട്ട് സമീപത്തെ വീടുകളില്‍ നിന്ന് ആള്‍ക്കാര്‍ ഓടിയെത്തുന്നതുകണ്ട് ഇയാള്‍ വന്നവഴി റബ്ബര്‍ത്തോട്ടത്തിലേക്ക് ഓടിപ്പോയി.

ഈ സമയം എത്തിയ സ്‌കൂള്‍ബസ്സില്‍ കയറ്റി പെണ്‍കുട്ടിയെ 26-ാം മൈലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കുംകൈക്കും പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. സംഭവംനടന്ന റോഡിന്റെ ഒരുവശത്ത് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സും മറുഭാഗത്ത് സ്വകാര്യ റബ്ബര്‍ തോട്ടവുമാണ്.

പെണ്‍കുട്ടിക്കെതിരെ മുമ്പുംശല്യമുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചോളംപേരെ പോലീസ് ചോദ്യം ചെയ്തതായാണ് അറിവ്. ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

 

 




MathrubhumiMatrimonial