
കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി
Posted on: 07 Jul 2015

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.52 കോടിയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവത്തില്‍ ഇന്‍ഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ എറണാകുളം മട്ടാഞ്ചേരി സ്വദേശിനി ശബ്‌നം എസ്. ഫൗദ(30)യെ അറസ്റ്റ്‌ചെയ്തു. ഇവര്‍ക്കെതിരെ കോഫെ പോസ നിയമപ്രകാരം കേസെടുത്തു.
തിങ്കളാഴ്ച രാവിലെ 10ന് ഇന്‍ഡിഗോ വിമാനത്തിലാണ് ശബ്‌നം എത്തിയത്. പര്‍ദയ്ക്കടിയില്‍ ധരിച്ച ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണം. ഒരുകിലോ തൂക്കംവരുന്ന ഒന്‍പത് സ്വര്‍ണക്കട്ടികളും 116 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണബിസ്‌കറ്റുമാണ് ഇവരുടെ ദേഹത്തുനിന്ന് കണ്ടെടുത്തത്.
പരിശോധന പൂര്‍ത്തിയാക്കി കസ്റ്റംസ് ഹാളില്‍നിന്ന് പുറത്തുകടക്കാന്‍ ഒരുങ്ങുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നി ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യുന്നതിനിടെ ഇവര്‍ ഉന്നതതല ബന്ധങ്ങളെക്കുറിച്ചുപറഞ്ഞ് കസ്റ്റംസിനെ വിരട്ടാന്‍ ശ്രമിച്ചു. പിന്നീട് വനിതാ ഓഫീസര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
സ്വര്‍ണക്കടത്തിന്റെ കാരിയറാകാനാണ് ദുബായിലേക്കുപോയതെന്ന് ഇവര്‍ സമ്മതിച്ചു. 22 ദിവസം മുന്‍പാണ് ഇവര്‍ നെടുമ്പാശ്ശേരി വഴി വിസിറ്റിങ് വിസയില്‍ ദുബായിലേക്കുപോയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ത്രീകളെ പരിശോധിക്കുന്നത് കുറവാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ സ്വര്‍ണക്കടത്തുസംഘം കാരിയറാക്കിയത്.
സ്വര്‍ണവുമായി ശബ്‌നം എത്തുന്നതറിഞ്ഞ് കള്ളക്കടത്തുസംഘം കരിപ്പൂരില്‍ ഇവരെ കാത്തിരുന്നിരുന്നു. വാട്‌സ്ആപ്പ് വഴി ഇവരുടെ ഫോട്ടോ സംഘത്തിന് കൈമാറിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇവര്‍ കുടുങ്ങിയതോടെ കാത്തിരുന്ന സംഘം ഓടിരക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘങ്ങളിലുള്‍പ്പെട്ട ഒരാള്‍ യാത്രക്കാരനായി ശബ്‌നത്തോടൊപ്പമുണ്ടായിരുന്നു. ഇയാളെ പിടികൂടാനായില്ലെങ്കിലും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
കരിപ്പൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍മാരായ സി.പി.എം. അബ്ദുള്‍റഷീദ്, വി. അനന്ദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ പി.എ. മുരളീധരന്‍, വി.പി. ദേവസ്യ, ജി. ബാലഗോപാല്‍, ഇന്‍സ്‌പെക്ടര്‍മാരായ പൗലോസ്, രാജേഷ് കുമാര്‍, കൗസ്തുബ് കുമാര്‍ എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.
