Crime News

സ്വര്‍ണക്കടത്ത്: യാത്രക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ കൂടി നിരീക്ഷണത്തില്‍

Posted on: 07 Jul 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ 8 പേര്‍ കൂടി നിരീക്ഷണത്തില്‍. മൂവാറ്റുപുഴ സംഘത്തിനു വേണ്ടി സ്ഥിരമായി സ്വര്‍ണം കടത്തുന്ന 4 യാത്രക്കാര്‍ ഉള്‍പ്പെടെയാണ് 8 പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ചിലര്‍ അടുത്ത ദിവസങ്ങളില്‍ പിടിയിലാകും. സ്വര്‍ണക്കടത്ത് കേസില്‍ നിരവവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പലരും ഒളിവിലാണ്. ചിലര്‍ വിദേശത്തേയ്ക്ക് കടന്നതായും സൂചനയുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ വിമാനത്താവളത്തിലെ മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിനെ ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരമായി സ്വര്‍ണം കടത്തുന്ന 4 വിമാന യാത്രക്കാരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. യാത്രക്കാര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുള്ളവര്‍ ഭൂരിഭാഗവും എറണാകുളം ജില്ലക്കാരാണ്. ഈ കേസില്‍ ആദ്യം പിടിയിലായ സലാം എന്ന യാത്രക്കാരന്‍ മൂവാറ്റുപുഴ സ്വദേശിയാണ്. സ്ഥിരമായി സ്വര്‍ണം കടത്താന്‍ ചുമതലപ്പെടുത്തിയിരുന്നത് മൂവാറ്റുപുഴ സ്വദേശികളായ യാത്രക്കാരെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്ഥിരമായി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവരുണ്ടെങ്കിലും ചില ഘട്ടങ്ങളില്‍ പുതുമുഖങ്ങളെയും പരീക്ഷിക്കാറുണ്ട്. പുതുമുഖങ്ങളുടെ പക്കല്‍ ചെറിയ തോതിലേ സ്വര്‍ണം കൊടുത്തുവിടാറുള്ളു. പയറ്റിത്തെളിഞ്ഞാല്‍ കൂടുതല്‍ സ്വര്‍ണം കൊടുത്തുവിടുകയും ചെയ്യും. എങ്കിലും സ്ഥിരം ഓപ്പറേഷനായി നാലു പേരാണുള്ളത്. ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ വീട്ടിലാണ് സ്വര്‍ണം കടത്തുന്ന യാത്രക്കാര്‍ക്ക്് പ്രത്യേകം പരിശീലനം നല്‍കുന്നത്. അറസ്റ്റിലായ വിമാനത്താവളത്തിലെ മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിനാണ് പരിശീലനം നല്‍കിയിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ ഫ്‌ലഷ് ടാങ്കിലും എ.സി. വിന്‍ഡ് പാനലിനുള്ളിലും സ്വര്‍ണം ഒളിപ്പിക്കേണ്ടതെങ്ങനെയെന്ന് യാത്രക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് സെല്ലോ ടേപ്പ് ഒട്ടിച്ച ശേഷമാണ് ഫ്‌ലഷ് ടാങ്കിലും മറ്റും ഒളിപ്പിക്കുന്നത്. പുലര്‍ച്ചെയുള്ള വിമാനങ്ങളിലാണ് അധികവും സ്വര്‍ണക്കടത്ത്. തിരക്ക് കുറഞ്ഞ സമയം നോക്കി ജാബിന്‍ സ്വര്‍ണം പുറത്തെത്തിക്കുകയാണ് പതിവ്. ജാബിനും കുടുംബവും സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ജാബിനും സഹോദരന്‍ നിബിനും പിതാവ് ബഷീറും ചേര്‍ന്ന്് ഒന്നര വര്‍ഷത്തിനുള്ളില്‍ 1500 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന്്് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്്്; അതായത് 400 കോടിയോളം രൂപയുടെ സ്വര്‍ണം. സ്വര്‍ണക്കടത്തിലൂടെ ഇവര്‍ 8 കോടി രൂപ സമ്പാദിച്ചതായും കസ്റ്റംസ് അറിയിച്ചു. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ 32 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

 




MathrubhumiMatrimonial