Crime News

സ്വര്‍ണക്കടത്ത്: 12 പ്രതികള്‍ക്ക് ജാമ്യം

Posted on: 07 Jul 2015


അറസ്റ്റിലായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍


കൊച്ചി:
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും ഇയാളുടെ സഹോദരനും പിതാവും റിമാന്‍ഡില്‍. എമിഗ്രേഷനിലെ സെക്യൂരിറ്റി അസിസ്റ്റന്റ് ജാബിന്‍ കെ. ബഷീര്‍ (28), സഹോദരന്‍ നിബിന്‍ ബഷീര്‍ (25), ഇവരുടെ പിതാവ് ബഷീര്‍ (52) എന്നിവരെയാണ് എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി ജഡ്ജി എ.എം. ബഷീര്‍ ജൂലായ് 20 വരെ റിമാന്‍ഡ് ചെയ്തത്. കേസിലെ ഒന്നാം പ്രതി അടക്കം 12 പേര്‍ക്ക് കോടതി ജാമ്യവും നല്‍കി.

കേസിലെ ഒന്നാംപ്രതി സലിം, അഞ്ചാം പ്രതി ശരത്, ആറാം പ്രതി ചന്ദ്രകുമാര്‍, ഏഴാം പ്രതി അമീര്‍, ഒമ്പതാം പ്രതി സുധീര്‍, 10-ാം പ്രതി പ്രസന്നന്‍, 11-ാം പ്രതി അഖില്‍കുമാര്‍, 13-ാം പ്രതി അര്‍ഷാദ്, 15-ാം പ്രതി അരുണ്‍ ബാലകൃഷ്ണന്‍, 17-ാം പ്രതി ഷഫില്‍, 18-ാം പ്രതി ടി.കെ. സിറാജ്, 19-ാം പ്രതി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

പ്രതികളുടെ വീടുകളുടെ ആധാരം കോടതിയില്‍ സമര്‍പ്പിക്കണം എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലും പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളും ജാമ്യ വ്യവസ്ഥയിലുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.സി. ഐപ്പ്, അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബിജു എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial