Crime News

നഴ്‌സിങ് ജോലി തട്ടിപ്പ്: ഒരാള്‍ പിടിയില്‍

Posted on: 07 Jul 2015


ചാലക്കുടി: കാനഡയിലേക്ക് ജോലിക്കായി നഴ്‌സുമാരെ കൊണ്ടുപോകാമെന്നുപറഞ്ഞ് പണം വാങ്ങി മുങ്ങിയ ആളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മോതിരക്കണ്ണി കരിപ്പായി വീട്ടില്‍ ജിന്റോ ജോയിയെ(30) ആണ് ചാലക്കുടിക്കാരായ രണ്ട് നഴ്‌സുമാര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തത്. എ.ടി.എം. കാര്‍ഡുണ്ടാക്കി പണം തട്ടിപ്പ് നടത്തിയതിന് ആലപ്പുഴ നോര്‍ത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വൈന്തല, മേലഡൂര്‍ സ്വദേശികളായ രണ്ട് നഴ്‌സുമാര്‍ ചാലക്കുടി പോലീസില്‍ പരാതി നല്‍കിയത്. പരാതി കിട്ടിയതിനെ തുടര്‍ന്ന് കോടതിയില്‍നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

കാനഡയില്‍ ജോലിക്കായി ഇവരുള്‍പ്പെടെ ഒമ്പത് പേരില്‍നിന്ന് ഇയാള്‍ 15 ലക്ഷം രൂപ വാങ്ങിയിരുന്നതായി പോലീസ് പറയുന്നു. ഈ കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ കൂട്ടാളികള്‍ക്കുവേണ്ടിയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ഭാടജീവിതം നയിച്ചിരുന്ന ഇയാള്‍ വിലകൂടിയ കാറുകളിലാണ് സഞ്ചരിക്കാറെന്നും പോലീസ് പറയുന്നു.
ഇറ്റലിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിയതിന് സമാനമായ ഒരു കേസ് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയുണ്ട്. എസ്.ഐ. ശശീന്ദ്രന്‍, സീനിയര്‍ സി.പി.ഒ.മാരായ സജി വര്‍ഗീസ്, ഹരിശങ്കര്‍ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 




MathrubhumiMatrimonial