goodnews head

വിഷമുക്ത കൃഷിയ്ക്ക് ലൈക്കടിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രതീക്ഷാഭവനില്‍

Posted on: 05 Jul 2015


കുറ്റിപ്പുറം: നൂറുമേനിവിളവെന്ന പ്രതീക്ഷയുമായി ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രതീക്ഷാഭവനില്‍ കൃഷിയിറക്കുന്നു. ഫെയ്‌സ്ബുക്കിലെ കൃഷിഗ്രൂപ്പാണ് സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മാനസിക വൈകല്യമുള്ളവരെ താമസിച്ചിപ്പിച്ചിരിക്കുന്ന തവനൂരിലെ പ്രതീക്ഷാഭവനില്‍ കൃഷിമോഹവുമായി എത്തിയിരിക്കുന്നത്.

വിഷമുക്ത പച്ചക്കറിക്കൃഷിയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയോടൊപ്പം ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളര്‍ത്തും. ഒന്നരലക്ഷത്തോളം അംഗങ്ങളുണ്ട് ഇപ്പോള്‍ കൂട്ടായ്മയില്‍. ഗ്രൂപ്പ് അംഗം കുര്യന്‍ വര്‍ഗീസാണ് അന്തേവാസികള്‍ക്ക് കൃഷിയൊരുക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത്.ആദ്യഘട്ടമെന്നനിലയില്‍ പ്ലാവ്, ഒട്ടുമാവ്, കടച്ചക്ക, നെല്ലി, കറിവേപ്പ്, തെങ്ങ്, വിവിധയിനം വാഴകള്‍, സപ്പോട്ട തുടങ്ങിയവയുടെ തൈകള്‍ പ്രതീക്ഷാഭവനിലെത്തിച്ചു. കൃഷിയ്ക്കാവശ്യമായ മണ്‍വെട്ടി, പിക്കാസ് തുടങ്ങിയവയും നല്‍കി.

കെ.ടി. ജലീല്‍ എം.എല്‍.എ. തെങ്ങിന്‍തൈ നട്ട് കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനംനിര്‍വഹിച്ചു. ഹക്കീം വെണ്ടല്ലൂര്‍, മുഹമ്മദലി കൊടിഞ്ഞി, മുസ്തഫ മേലേതില്‍, റോയിച്ചന്‍, ഷെഫീഖ് സൂറത്ത്, എസ്.ഐ. കെ.പി. വാസു, റഹീന അമീര്‍, ഷബീറ സലാം എന്നിവര്‍ പ്രസംഗിച്ചു. കൃഷിഗ്രൂപ്പിന്റെ ജിദ്ദ ഘടകം അന്തേവാസികള്‍ക്ക് റഫ്രിജറേറ്ററും വിതരണംചെയ്തു.


 

 




MathrubhumiMatrimonial