Crime News

തിളക്കംമങ്ങി ഓപ്പറേഷന്‍ മൂണ്‍ഷൈന്‍

Posted on: 04 Jul 2015


പാലക്കാട് : എക്‌സൈസ് വകുപ്പിലെ മുഴുവന്‍ ജീവനക്കാരെയും പങ്കെടുപ്പിച്ച് സംസ്ഥാനത്തുടനീളം തുടങ്ങിയ ലഹരിവേട്ട പരാജയത്തിലേക്ക്. ഓപ്പറേഷന്‍ മൂണ്‍ഷൈന്‍ എന്ന പേരിലാണ് 5000 ത്തോളം പേര്‍ ചേര്‍ന്ന് ഒരുമാസത്തെ വ്യാജമദ്യ- മയക്കുമരുന്ന് വേട്ട തുടങ്ങിയത്.
ജൂണ്‍ 15ന് തുടങ്ങിയ വേട്ടയില്‍ ഇതുവരെ പിടികൂടിയത് 3,000 ലിറ്റര്‍ സ്പിരിറ്റ് മാത്രം. രണ്ടുദിവസംമുമ്പ് തിരുവനന്തപുരം നഗരത്തില്‍നിന്നാണ് എക്‌സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്പിരിറ്റ് ലോറി പിടികൂടിയത്. ജൂണ്‍ 19ന് കഞ്ചാവും പുകയില ഉത്പന്നങ്ങളും വിറ്റഴിച്ച കേസില്‍ 840 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. അമിതമായി മദ്യം കൈവശം വെച്ചതിനും വ്യാജവാറ്റിനും മദ്യം കടത്തിയതിനുമായി 500ല്‍പ്പരം പെറ്റി കേസുകളും രജിസ്റ്റര്‍ചെയ്തു. 5000 പേര്‍ സംയുക്തമായി 19 നാള്‍ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും മറ്റൊന്നും കണ്ടെത്താനായില്ല.

പ്രതിമാസം ശരാശരി 25,000 ലിറ്റര്‍ സ്പിരിറ്റ് കേരളത്തിലേക്കെത്തുന്നു എന്നാണ് വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. േകരളത്തില്‍ പ്രതിദിനം നാലുലക്ഷം ലിറ്റര്‍ കള്ള് ചെത്തുന്നുണ്ടെന്നും എന്നാല്‍ എട്ടുലക്ഷം ലിറ്റര്‍ വില്‍ക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക കണക്ക്. വ്യാജക്കള്ളും സ്പിരിറ്റ് കടത്തലും വ്യാപകമാകുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ വ്യാജ മദ്യ-മയക്കുമരുന്ന് വേട്ടയ്ക്ക് ഉത്തരവിട്ടത്. എന്നാല്‍ തുടങ്ങുംമുമ്പ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എക്‌സൈസില്‍ തുടര്‍ച്ചയായി നടത്തുന്ന സ്‌പെഷല്‍ ഡ്രൈവുകള്‍ക്കെതിരെ കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷനാണ് രംഗത്തെത്തിയത്. ഓപ്പറേഷന്‍ മൂണ്‍ഷൈനിന് ശേഷം ഓണക്കാലത്ത് വീണ്ടും സ്‌പെഷല്‍ ഡ്രൈവ് തുടങ്ങുമെന്നും ഇത്തരം തുടര്‍ച്ചയായ ജോലിക്ക് ജീവനക്കാര്‍ക്ക് ഡ്യൂട്ടി ഓഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. നിലവിലുള്ള ജീവനക്കാരെവെച്ച് അധികജോലി ചെയ്യിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അസോസിേയഷന്‍ അറിയിച്ചിരുന്നു.

തസ്തികകള്‍ നികത്താതെ നിലവിലുള്ള ജീവനക്കാരെക്കൊണ്ട് അമിതജോലി ചെയ്യിക്കുന്നെന്ന തോന്നലില്‍ ജീവനക്കാര്‍ സഹകരിക്കാത്തതാണ് ഓപ്പറേഷന്‍ ലക്ഷ്യംകാണാത്തതിന് കാരണമെന്നാണ് കണക്കാക്കുന്നത്. പരിശോധനയുമായി സഹകരിക്കാത്ത ഒരുവിഭാഗം ജീവനക്കാര്‍ റെയ്ഡ് സംബന്ധിച്ച മുന്നറിയിപ്പ് മദ്യമാഫിയകളെ രഹസ്യമായി അറിയിച്ചതായും ഇതാണ് ഓപ്പറേഷന്‍ ലക്ഷ്യംകാണാതെ പോയതിന് കാരണമെന്നും വിലയിരുത്തുന്നുണ്ട്.

 

 




MathrubhumiMatrimonial