Crime News

ഗോവയില്‍ മറ്റൊരു മന്ത്രി കൂടി വ്യാജബിരുദ വിവാദത്തില്‍

Posted on: 03 Jul 2015


പനജി: ഗോവ പൊതുമരാമത്ത് മന്ത്രി സുധിന്‍ ധവളീക്കറുടെ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസന്വേഷണം നടത്തുന്നതിനിടെ മറ്റൊരു മന്ത്രി കൂടി വ്യാജബിരുദ വിവാദത്തില്‍. ടൂറിസം മന്ത്രി ദിലീപ് പരുലേക്കര്‍ ആണ് ആരോപണ വിധേയന്‍. ഇദ്ദേഹം രണ്ടുവതണയായി തിരഞ്ഞെടുപ്പുകാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസയോഗ്യതയിലെ വൈരുധ്യമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
2007-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യത ബി.കോം. ആയിരുന്നു. എന്നാല്‍, 2012-ലെ തിരഞ്ഞെടുപ്പില്‍ യോഗ്യത 12-ാം ക്ലാസ് ആണെന്നാണ് കാണിച്ചിട്ടുള്ളത്.

സത്യവാങ്മൂലത്തിലെ ഈ വൈരുധ്യം ചൂണ്ടിക്കാട്ടി സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ഐറിസ് റോഡ്രിഗസ് ആണ് രംഗത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി കേസെടുക്കണമെന്ന് റോഡ്രിഗസ് ഗോവ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, ബി.കോം. അവസാനവര്‍ഷ പരീക്ഷ താന്‍ എഴുതിയിരുന്നതായും പരാജയപ്പെടുകയാണ് ഉണ്ടായതെന്നും അതുകൊണ്ടാണ് വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ് വെച്ചതെന്നും ആരോപണവിധേയനായ മന്ത്രി പറഞ്ഞു. ബി.കോം. എന്ന് വെച്ചത് സ്‌പെല്ലിങ് മിസ്റ്റേക്ക് ആണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മന്ത്രിക്കെതിരെ അന്വേഷണംവേണമെന്ന് പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.

 

 




MathrubhumiMatrimonial