
വനിതാ ടാക്‌സി സ്റ്റാന്‍ഡ് ആവശ്യവുമായി വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍
Posted on: 02 Jul 2015

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനിതാ ഓട്ടോറിക്ഷാ തൊഴിലാളിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ വനിതകള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സ്ഥലം വേണമെന്ന ആവശ്യവുമായി വനിതാ ഓട്ടോ ഡ്രൈവര്‍ അധികൃതരെ സമീപിച്ചു. പൈനാവിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉഷയാണ് പുതിയ ആവശ്യവുമായി രംഗത്തുവന്നത്. പൈനാവ് ജങ്ഷനിലെ ഏക വനിതാ ഓട്ടോ ഡ്രൈവറാണ് ഉഷ.
സ്ത്രീകളായ യാത്രക്കാര്‍ ഇവരുടെ വാഹനം ഓട്ടം വിളിക്കുന്നത് മറ്റ് പുരുഷ ഡ്രൈവര്‍മാര്‍ തടഞ്ഞുയെന്നും ഓട്ടം പോകാന്‍ അനുവദിക്കുന്നില്ലായെന്നും ആരോപിച്ച് ഉഷ പോലീസില്‍ പരാതി നല്‍കി. സ്റ്റാന്‍ഡില്‍ മുന്‍ഗണനപ്രകാരം ഓട്ടം പോകണമെന്ന യൂണിയന്‍ തീരുമാനം വനിതാ ഡ്രൈവര്‍ അംഗീകരിച്ചില്ലായെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍, സ്ത്രീകളായ യാത്രക്കാര്‍ അവരുടെ താല്‍പ്പര്യപ്രകാരം സ്ത്രീകള്‍ ഓടിക്കുന്ന വാഹനം വിളിക്കുന്നത് തടയാന്‍ പാടില്ലായെന്നാണ് ഉഷയുടെ വാദം. ഇതുകൂടാതെ പുരുഷ ഡ്രൈവര്‍മാരുടെ കൂടെ സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത് മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്നുയെന്നും ഉഷ പറയുന്നു.
ഇതിനാല്‍ പുരുഷന്‍മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ക്ക് ടാക്‌സി വാഹനങ്ങള്‍ മാറ്റിയിടാനുള്ള അനുമതി േവണമെന്ന് ഉഷ പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു.
നിലവില്‍ യൂണിയനെടുത്ത തീരുമാനം അംഗീകരിക്കണമെന്ന് പോലീസ് ഉഷയോട് നിര്‍ദേശിച്ചു. എന്നാല്‍, താന്‍ ഒരു യൂണിയന്റെയും ആളല്ലായെന്നുപറഞ്ഞ് കേള്‍ക്കാന്‍പോലും തയ്യാറാകാതെ പോലീസ് അടിച്ചേല്‍പ്പിച്ച നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലായെന്ന് ഉഷ നിലപാടെടുത്തു. ഇതിനാല്‍ സ്ത്രീ ടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക വാഹന പാര്‍ക്കിങ് ആവശ്യത്തിനായി ഉഷ മോട്ടോര്‍ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
