Crime News

'ഷീ' -സ്ത്രീ പീഡനങ്ങള്‍ക്കെതിരെ.......

Posted on: 01 Jul 2015


തിരുവനന്തപുരം: ''പ്രിയപ്പെട്ട ഖദീജാ, നീ നന്മയുള്ള സ്വപ്‌നം കാണുക, നല്ലകാലം നിന്നെ തേടി വരും.'' മജീഷ്യന്‍ മുതുകാടിന്റെ വാക്കുകള്‍ക്ക് ഖദീജയുടെ മറുപടി പുഞ്ചിരിയായിരുന്നു. ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധിയായാണ് ഖദീജയെന്ന കഥാപാത്രം വേദിയിലെത്തിയത്. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ മാജിക്കും നാടകവും ചലച്ചിത്രവും സംഗീതവും സമന്വയിപ്പിച്ചുള്ള മജീഷ്യന്‍ മുതുകാടിന്റെ മാജിക് ഷോ കാണികള്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. മലയാളത്തിലെ ആദ്യത്തെ മള്‍ട്ടിമീഡിയ മാജിക്കല്‍ ക്രിയേഷന്‍ കൂടിയാണിത്.
'മാതൃഭൂമി' പത്രത്തിലെ സ്ത്രീപഥം പംക്തിയില്‍ സുസ്മിത എഴുതിയ പെണ്‍കുട്ടി എന്ന ലേഖനം ഇത്തരത്തിലൊരു ഇന്ദ്രജാലമൊരുക്കാന്‍ പ്രേരണയായതായി മുതുകാട് പറഞ്ഞു.
സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമ എന്ന സന്ദേശം നല്‍കുന്നതായിരുന്നു മാജിക്. മാജിക് പ്ലാനെറ്റ്, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കവി സച്ചിതാനന്ദന്റെ 'മാജിക്' എന്ന കവിതയ്ക്കുള്ള മാജിക് ദൃശ്യാവിഷ്‌കാരം കൂടിയാണിത്.
ഖദീജയെന്ന അഞ്ച് വയസ്സുകാരിയില്‍ നിന്നാണ് മാജിക് ആരംഭിക്കുന്നത്. മിടുക്കിയായ അവളുടെ കുഞ്ഞു സ്വപ്‌നങ്ങളിലേക്ക് മാജിക് അങ്കിള്‍ കടന്നു വരുന്നു. പൈലറ്റും നര്‍ത്തകിയും ഒക്കെ അവളുടെ സ്വപ്‌നത്തിലേക്ക് വരുന്നു. മജീഷ്യന്റെ മാന്ത്രിക ചുവടുകള്‍ക്ക് ശേഷം കാണികള്‍ക്ക് മുന്നില്‍ എത്തുന്നത് പ്ലസ്ടുകാരിയായ ഖദീജയാണ്. സമൂഹത്തിലെ ക്രൂരതയുടെ പ്രതീകമായ മറ്റൊരു മജീഷ്യന്‍ അവളെ വാള്‍ കൊണ്ട് മുറിച്ച് കൊലപ്പെടുത്തുന്നു. അറബിക്കഥ എന്ന പുസ്തകത്തില്‍ നിന്ന് ഖദീജ കാര്‍പൈറ്റില്‍ പറന്ന് പോകുന്നതാണ് പിന്നീട് കാണുന്നത്.
മാജിക്കിന്റെ രണ്ടാംഘട്ടമാണ് പിന്നീട്. വേദിയില്‍ അറബിക്കഥ പുസ്തകത്തിന്റെ പേജുകള്‍ മറിക്കുമ്പോള്‍ സൗമ്യയും ജ്യോതിസിങ് പാണ്ഡെയും ഒക്കെ തെളിയുന്നുണ്ട്.
ഗോപിനാഥ് മുതുകാടിന്റേതാണ് ആശയവും മാജിക്കല്‍ ആവിഷ്‌കാരവും. ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂരാണ് 'ഷീ' തിരക്കഥ എഴുതി സംവിധാനം ചെയ്തത്. നടി അനുപമ മോഹന്‍ ഖദീജയായി വേദിയിലെത്തി.
പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം.കെ.മുനീര്‍ , കവി സച്ചിദാനന്ദന്‍, കവയിത്രി സുഗതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. അരുവിക്കര തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞു കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആദ്യമായി ഒരേ വേദിയില്‍ എത്തിയെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായി.

 

 




MathrubhumiMatrimonial