
ബസ് മുന്നോട്ടെടുത്തു; ഗര്‍ഭിണി ചവിട്ടുപടിയില്‍ വീണു
Posted on: 01 Jul 2015
ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കാക്കനാട്: ആള്‍ കയറുന്നതിനു മുന്‍പ് മുന്നോട്ടെടുത്ത സ്വകാര്യ ബസ്സില്‍ ഗര്‍ഭിണി വീണു. വണ്ടിയോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 9.30-ഓടെ വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് സംഭവം. പിറവം-കലൂര്‍ റൂട്ടിലോടുന്ന 'സെന്റ് ജോര്‍ജ്' എന്ന ബസ്സില്‍ കയറുമ്പോള്‍ കാഞ്ഞിരമറ്റം സ്വദേശിനിയായ യുവതിക്കാണ് വണ്ടിയുടെ ചവിട്ടുപടിയില്‍ വീണ് പരിക്കേറ്റത്. ആറ് മാസം ഗര്‍ഭിണിയായ യുവതി സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വണ്ടിയോടിച്ചിരുന്ന ബസ് ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി സിജോ തോമസിന്റെ ലൈസന്‍സാണ് എറണാകുളം ആര്‍ടിഒ കെ.എം. ഷാജി സസ്‌പെന്‍ഡ് ചെയ്തത്.
കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി ഹബ്ബിലെത്തിയപ്പോള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുയായിരുന്നു. ''ഞാന്‍ കയറാന്‍ തുടങ്ങിയതും ബസ് പൈട്ടന്ന് മുമ്പിലേക്ക് എടുത്തപ്പോള്‍ കാല്‍മുട്ട് ചവിട്ടുപടിയില്‍ ഇടിച്ചു. ഇതെന്താ കാണിക്കുന്നത് എന്ന് ചോദിച്ചു. അവര്‍ വീണ്ടും ബസ് മുന്നോട്ടെടുക്കുകയും കൈമുട്ടും കാല്‍മുട്ടും വീണ്ടും ഇടിച്ച് ചവിട്ടുപടിയില്‍ വീഴുകയും ചെയ്തു'' - യുവതി പറഞ്ഞു. കൈമുട്ടിനും കാല്‍മുട്ടിനും ചെറിയ തോതില്‍ പരിക്കേറ്റ ഇവര്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
