Crime News

ശശീന്ദ്രന്റെയും മക്കളുടെയും മരണം: പുനരന്വേഷണ ഹര്‍ജിയില്‍ വിധി ആറിന്

Posted on: 01 Jul 2015


പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനിസെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം സി.ബി.ഐ. പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ആറിന് വിധിപറയും.
മരണത്തില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തിലെ പഴുതുകള്‍ ചൂണ്ടിക്കാണിച്ച് സഹോദരന്‍ സനല്‍കുമാറാണ് എറണാകുളം സി.ജെ.എം. കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ജൂണ്‍ 15ന് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കഴിഞ്ഞദിവസം കോടതി വാദംകേട്ടു.
ദുരൂഹമായ കൂട്ടമരണക്കേസില്‍ കൊലപാതകസാധ്യത സൂചിപ്പിക്കുന്ന നിര്‍ണായകമായ തെളിവുകള്‍ സി.ബി.ഐ. അവഗണിച്ചെന്നാണ് സനല്‍കുമാറിന്റെ പരാതിയിലുള്ളത്.
ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ പ്രേരണക്കുറ്റം ചുമത്തപ്പെട്ട വ്യവസായി വി.എം. രാധാകൃഷ്ണന് കടുത്തശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ സി.ബി.ഐ. കുറ്റപത്രത്തില്‍ ഒഴിവാക്കിയെന്നാണ് പ്രധാനപരാതി. പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സി.ബി.ഐ.ക്കും പങ്കുണ്ടെന്ന ആരോപണവും ശശീന്ദ്രന്റെ കുടുംബം ഉന്നയിച്ചിരുന്നു.
2011 ജനവരി 24നാണ് ശശീന്ദ്രനും മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരും പുതുശ്ശേരി കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.
ശശീന്ദ്രന്റെ മൃതദേഹത്തില്‍ എട്ട് മുറിവുകളുണ്ടായിരുന്നു. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകസാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ പോലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജറാള്‍ എഴുതിയിട്ടുണ്ട്. അസ്വാഭാവികമരണങ്ങളായി ലോക്കല്‍ പോലീസ് എഴുതിത്തള്ളാനിരുന്ന കേസ് സി.ബി.ഐ.ക്ക് വിടാന്‍ കോടതി ഉത്തരവിട്ടത് പ്രസ്തുത റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൊലപാതകസൂചന അന്വേഷണോദ്യോഗസ്ഥര്‍ വേണ്ടവിധം പരിഗണിച്ചില്ലെന്ന് ശശീന്ദ്രന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മരണം സംബന്ധിച്ച വകുപ്പുകളും സി.ബി.ഐ. ഒഴിവാക്കിയെന്ന് പരാതിയുണ്ട്. ഫോറന്‍സിക് വിദഗ്ധസമിതിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൊലപാതകപരാമര്‍ശം തള്ളിക്കളയുകയാണുണ്ടായത്.
ശശീന്ദ്രനും മക്കളും മരിച്ചദിവസം സംഭവത്തെക്കുറിച്ച് വിവേകിന്റെ ചങ്ങാതിയും അയല്‍വാസിയുമായ കുട്ടി നല്‍കിയ മൊഴിയും സംശയാസ്പദമാണെന്ന് സനല്‍കുമാര്‍ ഹര്‍ജിക്കൊപ്പം നല്‍കിയ കത്തില്‍ പറയുന്നു. കുടുംബം മുമ്പുതന്നെ ഇത് അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിരുന്നു.
ഭര്‍ത്താവിനെയും മക്കളെയും തൂങ്ങിമരിച്ചനിലയില്‍ ആദ്യം കണ്ടത് ശശീന്ദ്രന്റെ ഭാര്യ ടീനയാണെന്നാണ് പറയുന്നത്. ടീന ഓഫീസില്‍നിന്ന് രാത്രി എട്ടേകാലിനാണ് അന്ന് വീട്ടിലെത്തിയത്. അതുവരെ ശശീന്ദ്രനെയും മക്കളെയും അടുക്കളയിലും വരാന്തയിലുമായി കണ്ടതായാണ് അയല്‍വാസിയായ കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴി ആരോ പറയിച്ചതാണെന്ന് സനല്‍കുമാര്‍ സി.ബി.ഐ.യോട് സംശയമുന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം അന്വേഷണോദ്യോഗസ്ഥര്‍ നിസ്സാരമായി കാണുകയും അന്വേഷണഘട്ടങ്ങളില്‍ അവഗണിക്കുകയും ചെയ്തത് സംശയാസ്പദമാണെന്ന് സനല്‍കുമാറിന്റെ പരാതിയില്‍ പറയുന്നു.

 

 




MathrubhumiMatrimonial