Crime News

കൊലപാതകക്കേസിലെ മുഖ്യപ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍

Posted on: 01 Jul 2015


മംഗളൂരു: ഒളിവുജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കൊലപാതകക്കേസിലെ മുഖ്യപ്രതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായി. പംപ് വെല്‍ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ യശോദകൃഷ്ണ ഫിനാന്‍സ് ഉടമ ബിപിന്‍റായ് ആണ് അറസ്റ്റിലായത്.
ബന്ദര്‍ അന്‍സാരിറോഡിലെ അബ്ദുള്‍ ഹമീദ് (47) കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ ബിപിന്റായ്. അബ്ദുള്‍ഹമീദിന്റെ മൃതദേഹം ശക്തിനഗര്‍ വൈദ്യനാഥ ക്ഷേത്രത്തിനുസമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ 2014 ഒക്ടോബര്‍ 7-ന് കണ്ടെത്തുകയായിരുന്നു.
പണം കടമെടുത്തത് തിരികെനല്കാത്തതാവാം കൊലപാതകത്തിന് കാരണമായതെന്ന് കാണിച്ച് അബ്ദുള്‍ഹമീദിന്റെ ഭാര്യ പോലീസില്‍ പരാതിനല്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഹരീഷ് കെംബാര്‍, അഭിഷേക് നാഗോരി എന്നീ രണ്ട് വാടകക്കൊലയാളികളെ മൂന്നുദിവസത്തിനകം പോലീസ് പിടികൂടി. ബിപിന്‍ റായ്, ഹരീഷ് സാഫല്യ എന്നീ രണ്ട് പേരുടെ നിര്‍ദേശപ്രകാരം തങ്ങള്‍ പണത്തിന് വേണ്ടി നടത്തിയ കൊലയാണെന്ന് പ്രതികള്‍ പോലീസില്‍ കുറ്റസമ്മതംനടത്തി.
തുടര്‍ന്ന് ബിപിന്റായ് തായ്‌ലന്‍ഡിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍, ഹരീഷ് സാഫല്യ പിടിയിലാകുകയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും ഇയാളില്‍ നിന്ന് പിടികൂടുകയുംചെയ്തു. വിചാരണത്തടവുകാരായി ഇവര്‍ മൂന്നുപേരും ഇപ്പോഴും മംഗലാപുരം ജില്ലാ ജയിലില്‍ കഴിയുകയാണ്.
ആദ്യം ഗോവയിലേക്കും തുടര്‍ന്ന് മുംബൈവഴി തായ്‌ലന്‍ഡിലേക്കും രക്ഷപ്പെട്ട ബിപിന്റായ്യെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വിജയിച്ച പോലീസ് ഇയാളെ തിരികെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. തായ്‌ലന്റില്‍നിന്ന് ദുബായ്വഴി മംഗലാപുരത്ത് ബിപിന്റായ് എത്തിയതോടെ മംഗലാപുരം പോലീസ് ലക്ഷ്യം സാധിച്ചു. ബിപിന്‍ റായ്യെ കോടതി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial