Crime News

ഭായ് നസീറിനെ ആക്രമിച്ച കേസില്‍ മരട് അനീഷിന് മൂന്നുവര്‍ഷം കഠിന തടവ്

Posted on: 01 Jul 2015


കൊച്ചി: ഗുണ്ടാപ്പകയെത്തുടര്‍ന്ന് കുപ്രസിദ്ധ കുറ്റവാളി ഭായ് നസീറിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി മരട് അനീഷിനെ മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ആയുധ നിരോധ നിയമപ്രകാരം മൂന്നു വര്‍ഷവും സംഘം ചേര്‍ന്ന് ആക്രമണത്തിന് ആറു മാസവും തടവ് ശിക്ഷയുണ്ട്. രണ്ടും ഒന്നിച്ചനുഭവിച്ചാല്‍ മതി. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹിമാണ് അനീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം ഹാജരായി.
2007 ജനവരി 10 ന് രാത്രിയിലാണ് നസീറിനു നേരെ അനീഷും സംഘവും ആക്രമണം നടത്തിയത്. ബൈക്കില്‍ വരികയായിരുന്ന നസീറിനെ വൈറ്റില തൈക്കൂടത്തുവെച്ച് അനീഷും സംഘവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. തോക്കും വടിവാളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നസീറിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിലെ ആറ് പ്രതികളില്‍ അനീഷിനെ മാത്രമാണ് നസീര്‍ കോടതിയില്‍ തിരിച്ചറിഞ്ഞത്.
കോയമ്പത്തൂരില്‍ ജയിലിലായിരുന്ന അനീഷിനെ തമിഴ്‌നാട് പോലീസാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ ഹാജരാക്കിയത്. എം.എല്‍.എ.യെ തട്ടിക്കൊണ്ടുപോയ കേസിലാണ് അനീഷ് തമിഴ്‌നാട്ടില്‍ ശിക്ഷ അനുഭവിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സിനോജ് തമിഴ്‌നാട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. എറണാകുളം സൗത്ത് സി.ഐ. സിബി ടോം ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 




MathrubhumiMatrimonial