Crime News

ആണ്‍സുഹൃത്തിനെ കൊല്ലാന്‍ ആസിഡുമായെത്തിയ യുവതി അബദ്ധത്തില്‍ പൊള്ളലേറ്റുമരിച്ചു

Posted on: 30 Jun 2015


*സംഭവം ആന്ധ്രാപ്രദേശില്‍

സി.കെ. റിംജു

സെക്കന്തരാബാദ്:
ആണ്‍സുഹൃത്തിനെ കൊല്ലാന്‍ ആസിഡുമായി ബൈക്കില്‍ യാത്രചെയ്ത യുവതി അബദ്ധത്തില്‍ ആസിഡ് ദേഹത്തുവീണ് പൊള്ളലേറ്റുമരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡജില്ലയിലെ കീസരപ്പള്ളി ദേശീയപാതയിലാണു സംഭവം. സ്വകാര്യ ആസ്പത്രിയിലെ നഴ്‌സായ റാണി എന്ന എമലേയമ്മ(32) ആണ് ആസ്പത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. റാണിയെ അജ്ഞാതര്‍ ആസിഡുകൊണ്ട് പൊള്ളലേല്‍പ്പിച്ചുവെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസ്. പിന്നീട് സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വിജയവാഡ പോലീസ് പറയുന്നതിങ്ങനെ: രണ്ടുമാസംമുമ്പ് വിവാഹമോചനംനേടിയ റാണി തന്റെ ആണ്‍സുഹൃത്തായ വിജയവാഡ സ്വദേശി കെ. രാജേഷിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. കൂട്ടുകാരികളുമായി ചര്‍ച്ചചെയ്തശേഷം ആസിഡെറിഞ്ഞ് രാജേഷിനെ കൊല്ലാന്‍ റാണി തീരുമാനിച്ചു.
ആസിഡ് ബാഗില്‍ക്കരുതി റാണി ശനിയാഴ്ച വൈകിട്ട് രാജേഷിനെ വിളിച്ചുവരുത്തി. അയാളുടെ ബൈക്കിനുപിറകിലിരുന്ന റാണി കീസരപ്പള്ളി ദേശീയപാതയുടെ ആളൊഴിഞ്ഞസ്ഥലത്തേക്കു പോകാനാവശ്യപ്പെട്ടു. ബൈക്കില്‍ പോകവേ റാണി ബാഗില്‍നിന്ന് ആസിഡ് നിറച്ച കുപ്പി രാജേഷിന്റെ മുഖത്തേക്കൊഴിക്കാന്‍ ശ്രമിക്കവെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. നിലത്തുവീണ റാണിക്കുമേല്‍ കുപ്പിപൊട്ടി ആസിഡ് മറിഞ്ഞു. രാജേഷ് ഓടിരക്ഷപ്പെട്ടു.
അതുവഴിവന്ന മറ്റുയാത്രക്കാരാണ് ദേഹത്ത് മാരകമായി പൊള്ളലേറ്റുകിടന്ന റാണിയെ ആസ്പത്രിയിലെത്തിച്ചത്. ഞായറാഴ്ച ഉച്ചയോടെ റാണി മരിച്ചു.
റാണിയുടെ കൂട്ടുകാരികളെയും ആണ്‍സുഹൃത്ത് രാജേഷിനെയും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. റാണിയുടെ രണ്ട് കൂട്ടുകാരികളെയും രാജേഷിനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
റാണിക്ക് മൂന്നുവയസ്സായ ഒരു മകളുണ്ട്.

 

 




MathrubhumiMatrimonial