
അനീഷിനെത്തേടി നീതിയെത്തി, മരണാനന്തരം
Posted on: 30 Jun 2015
ആത്മഹത്യക്ക് കാരണമായ പിരിച്ചുവിടല്‍ അന്യായമെന്ന് ഡി.പി.ഐ
എല്ലാ ആനുകൂല്യങ്ങളും നല്‍കാനും നിര്‍ദേശം
മലപ്പുറം: മൂന്നിയൂര്‍ എം.എച്ച്.എസ്.എസ്. സ്‌കൂള്‍ സാമൂഹികശാസ്ത്ര അധ്യാപകനായിരുന്ന കെ.കെ. അനീഷിനെ പുറത്താക്കിയ മാനേജരുടെ ഉത്തരവ് പൊതുവിദ്യാഭ്യാസഡയറക്ടര്‍ റദ്ദാക്കി. മരിക്കുന്നതിനു മുമ്പ് അനീഷ് നല്‍കിയ അപേക്ഷയിന്മേല്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കിയത്. മരിക്കുന്നതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും അനീഷിന് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2014 ജൂണ്‍ 13നാണ് അനീഷിനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍മാനേജര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് ജൂലായ് 19ന്, ആരോപണങ്ങള്‍ തെളിയിക്കാന്‍കഴിയാത്ത സാഹചര്യത്തില്‍ പുറത്താക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനീഷ് ഡി.പി.ഐക്ക് പരാതിനല്‍കി.
സ്‌കൂളില്‍ കെ.എസ്.ടി.എയുടെ പ്രമുഖ നേതാവായിരുന്നു അനീഷ്. 2013 ഫിബ്രവരി അഞ്ചിന് സ്‌കൂളിലെ ജീവനക്കാരനായ മുഹമ്മദ് അഷ്‌റഫിനെ മര്‍ദിച്ചെന്ന കുറ്റംചുമത്തി അനീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് തിരൂര്‍ ഡി.ഇ.ഒ അന്വേഷണംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിചാരണയുടെ ശുപാര്‍ശപ്രകാരമാണ് അനീഷിനെതിരെ മാനേജര്‍ നടപടിയെടുത്തത്.
അധ്യാപകസംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നെങ്കിലും അധ്യാപകനെ തിരിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതിനിടെ പാലക്കാട്ട് ലോഡ്ജില്‍ അനീഷിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അനീഷിന്റെ വിയോഗത്തോടെ കേസിന് പുതിയ വഴിത്തിരിവായി. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, മനുഷ്യാവകാശക്കമ്മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. രണ്ട് അന്വേഷണങ്ങളില്‍ അനീഷിനെതിരെയുള്ള നടപടി ശരിയായില്ലായെന്ന വിലയിരുത്തലാണ് ഉണ്ടായത്. പോലീസ് അന്വേഷണവും ആ നിലയില്‍ത്തന്നെയാണെന്നാണ് വാര്‍ത്തകള്‍.
സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ ഡി.ഇ.ഒ. നടത്തിയ അന്വേഷണത്തിന് ഒരു പ്രാഥമികാന്വേഷണത്തിന്റെ നിലവാരമേയുള്ളൂവെന്നാണ് ഡി.പി.ഐയുടെ കണ്ടെത്തല്‍. അനീഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി കണ്ടുപിടിക്കാന്‍ റിപ്പോര്‍ട്ടിന് കഴിയുന്നില്ല. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലെ പൊരുത്തക്കേടുകളും വിശദമായി പരിശോധിക്കപ്പെട്ടിട്ടില്ല. ഹാജരാക്കിയ രേഖകളുടെ നിജസ്ഥിതി അന്വേഷിച്ചിട്ടില്ലായെന്നും ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് പ്രോജക്ട് ഓഫീസര്‍ ഇന്ദിരയുടെ വിശദമായ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവെന്നും ഡി.പി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. ലഭ്യമായ തെളിവുകളും വസ്തുതകളും കണക്കിലെടുത്താല്‍ കടുത്തശിക്ഷാനടപടിക്ക് സാധ്യതയില്ലെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.
