Crime News

ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ കമ്പ്യൂട്ടറിലാക്കുന്നു

Posted on: 30 Jun 2015


കണ്ണൂര്‍: ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ ജയില്‍വകുപ്പ് നടപടി തുടങ്ങി. അട്ടക്കുളങ്ങരെ വനിതാജയിലില്‍ സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സരിതാ നായരെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതുള്‍പ്പടെ ജയിലില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കാനും ജയില്‍ ഡി.ജി.പി. ലോകനാഥ് ബഹ്‌റ തീരുമാനിച്ചു. പുതിയ പരിഷ്‌കാരങ്ങളും അടിയന്തര നപടികളും വിശദീകരിക്കാനായി ഡി.ജി.പി.യുടെ സാനിധ്യത്തില്‍ ജയില്‍ജീവനക്കാരുടെ മേഖലാതല യോഗങ്ങള്‍ ചേരുന്നുണ്ട്.

ഒരുതലമുറ പിന്നിലാണ് ജയിലിലെ പ്രവര്‍ത്തനമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തി ഡി.ജി.പി. പറഞ്ഞത്. ഇത് പരിഹരിക്കാന്‍ എല്ലാ ജീവനക്കാരോടും കമ്പ്യൂട്ടര്‍ പഠിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനിമുതല്‍ വകുപ്പിന്റെ ഔദ്യോഗിക സന്ദേശങ്ങള്‍ മുഴുവന്‍ ഇ-മെയിലാക്കും. ഇതിന്റെ ആദ്യഘട്ടമായി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എല്ലാ ജീവനക്കാര്‍ക്കും ഔദ്യോഗിക ഇ-മെയില്‍ വിലാസം തയ്യാറാക്കി. ഇംഗ്ലീഷിലും മലയാളത്തിലും സന്ദേശം തയ്യാറാക്കി അയക്കാന്‍ എല്ലാ ജീവനക്കാരും പ്രാപ്തരാകണമെന്നും ഡി.ജി.പി. നിര്‍ദേശിച്ചിട്ടുണ്ട്.

ഫയലുകള്‍ കാണാതാവുന്നതും തീരുമാനമെടുക്കുന്നതിനുള്ള കാലതമാസവുമാണ് ജയില്‍വകുപ്പിലെ പ്രധാനപ്രശ്‌നം. ഇത് രണ്ടും കമ്പ്യൂട്ടര്‍വത്കരണത്തിലൂടെ പരിഹരിക്കാനാണ് ഡി.ജി.പി.യുടെ ശ്രമം. ജയിലുകള്‍ കേന്ദ്രീകരിച്ച് ഈ അടുത്തകാലത്തുണ്ടായ വിവാദ സംഭവങ്ങളിലാന്നും കൃത്യമായ രേഖകളോ തെളിവുകളോ കണ്ടെത്താനായിട്ടില്ല. ടി.പി.വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍നിന്ന് ഫെയ്‌സ് ബുക്കും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും ഉപയോഗിച്ച സംഭവത്തില്‍ കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. വിയ്യൂരില്‍ തടവുകാര്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും പിടിക്കപ്പെട്ടതാണ്. ഏറ്റവും ഒടുവിലാണ് സോളാര്‍ കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന സരിതാ നായരെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ അട്ടക്കുളങ്ങര ജയിലിലെ രേഖയില്‍നിന്ന് കാണാതാവുന്നത്. ഇതോടെയാണ് ജയിലിലെ എല്ലാരേഖകളും കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനും നിരീക്ഷണം ഹെഡ്ക്വാര്‍ട്ടേഴ്‌സിലാക്കാനും തീരുമാനിച്ചത്.

സംസ്ഥാനത്തെ 52 ജയിലുകളിലെയും വിവരങ്ങള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ലഭ്യമാക്കാനാണ് ലക്ഷ്യം. ജയിലുകളിലെ സി.സി.ടി.വി.കളുടെ നിരീക്ഷണം ഹെഡ്ക്വാര്‍ട്ടേഴ്‌സിലാകും. ഇപ്പോള്‍ ഏഴ് ജയിലുകളില്‍മാത്രമാണ് സി.സി.ടി.വി.ഉള്ളത്. ബാക്കിസ്ഥലങ്ങളില്‍ കൂടി സി.സി.ടി.വി. സ്ഥാപിക്കാനുള്ള പദ്ധതി നടന്നുവരികയാണ്. ഇതിനുള്ള ഫണ്ട് പൊതുമാരമത്ത് വകുപ്പിന് നേരത്തെ കൈമാറിയിട്ടുണ്ട്. ഇത് പൂര്‍ത്തിയായാലെ ഹെഡ്ക്വാട്ടേഴ്‌സില്‍നിന്നുള്ള സി.സി.ടി.വി. നീരീക്ഷണം സാധ്യമാകൂ.

 

 




MathrubhumiMatrimonial