Crime News

സോളാര്‍ തട്ടിപ്പ്: പാര്‍ട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്ന് സുധീരന്റെ മൊഴി

Posted on: 30 Jun 2015


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെയായിരുന്നു സുധീരന്റെ മൊഴി. സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാറിന് ഒന്നും ഒളിക്കാനില്ലാത്തതുകൊണ്ടാണ് ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവായത്. കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ മാത്രം പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും സുധീരന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് സംബന്ധിച്ച കമ്മീഷന്റെ പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നു സുധീരന്റെ മറുപടി. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് നിയമസഭയില്‍ നടന്ന സംസാരത്തെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും നേരിട്ട് അറിവില്ല. ഇതു സംബന്ധിച്ച നിയമസഭാ രേഖകള്‍ താന്‍ കണ്ടിട്ടില്ല. താന്‍ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതാണ്. ആരോപണങ്ങള്‍ ഉണ്ടായതോടെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രത്യേക അന്വേഷണം നടത്തുന്നത് ശരിയല്ലെന്നും സുധീരന്‍ കമ്മീഷനോട് പറഞ്ഞു.

കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സുധീരന്‍ മൊഴി നല്‍കിയിട്ടുണ്ട്. തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം നശിപ്പിച്ചുവെന്ന് താന്‍ കരുതുന്നില്ല. കേസ് അന്വേഷിച്ച എഡിജിപി എ. ഹേമചന്ദ്രന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ. മാനഭംഗപ്പെടുത്തി എന്ന സരിതയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് അറിയില്ല. ഇതു സംബന്ധിച്ച് രേഖാമൂലം പരാതി കിട്ടാത്തതിനാലാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താത്തത്. മുഖ്യമന്ത്രിക്ക് സോളാര്‍ കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജ് എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്ത് അയച്ചതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല.

സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ സ്റ്റാഫിനെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ പുറത്താക്കിയിട്ടുണ്ടെന്നും സുധീരന്‍ കമ്മീഷന് മൊഴി നല്‍കി. മാധ്യമങ്ങളില്‍ വാര്‍ത്തയാക്കാന്‍ ചില അഭിഭാഷകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനൊരുക്കമല്ലെന്നും അത്തരം ചോദ്യങ്ങള്‍ കമ്മീഷന്‍ അനുവദിക്കരുതെന്നും സുധീരന്‍ പറഞ്ഞു. വിസ്താരം തുടരേണ്ടതിനാല്‍ മറ്റൊരു ദിവസം കൂടി ഹാജരാകാന്‍ കമ്മീഷന്‍ സമയം അനുവദിച്ചു. തീയതി പിന്നീട് തീരുമാനിക്കും.

 

 




MathrubhumiMatrimonial