
മുഖ്യമന്ത്രിക്ക് പണം നല്‍കിയതായി സരിത പറഞ്ഞെന്ന് സജി ചെറിയാന്റെ മൊഴി
Posted on: 30 Jun 2015
സോളാര്‍ തട്ടിപ്പ്
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 35 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് 30 ലക്ഷം രൂപയും നല്‍കിയതായി സരിത എസ്. നായര്‍ തന്നോട് പറഞ്ഞെന്ന് സിപിഐ-എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. സരിതയുടെ സ്ഥാപനത്തിന്റെ നടത്തിപ്പിന് സര്‍ക്കാരിന്റെ വിവിധ അനുമതി രേഖകള്‍ കിട്ടുന്നതിനാണ് പണം നല്‍കിയതെന്ന് സരിത പറഞ്ഞതായും സജി ചെറിയാന്‍ സോളാര്‍ അന്വേഷണ കമ്മീഷന് മൊഴി നല്‍കി. പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ദിവസം വൈകീട്ടാണ് ക്ലിഫ്ഹൗസില്‍വച്ച് 35 ലക്ഷം രൂപ കൈമാറിയതെന്നാണ് സരിത പറഞ്ഞത്.
മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ തന്നെ വ്യക്തിപരമായി ദുരുപയോഗം ചെയ്തതായും സരിത പറഞ്ഞു. പലരുടെയും കുടുംബജീവിതത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ പേരുകള്‍ താന്‍ കമ്മീഷനെ രഹസ്യമായി ബോധിപ്പിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി സരിതേയയും കുടുംബേത്തയും അറിയാം.
സരിത ജാമ്യത്തിലിറങ്ങിയശേഷം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് അവരുമായി സോളാര്‍ കേസ് സംബന്ധിച്ച് സംസാരിച്ചത്. ഇതേകാര്യം തന്നെ തന്റെ മറ്റൊരു സുഹൃത്തിനോടും സരിത സംസാരിച്ചിരുന്നു. അദ്ദേഹം ഇത് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തു. ശബ്ദരേഖയുടെ പേരില്‍ ഭീഷണിയുള്ളതിനാല്‍ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താനാവില്ല. സിഡി ലഭ്യമാണെങ്കില്‍ അക്കാര്യം കമ്മീഷനെ അറിയിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു. ജൂലായ് ആറിനകം വിവരമറിയിക്കാന്‍ കമ്മീഷന്‍ സജി ചെറിയാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
