
പുണെയില്‍ 90 വാഹനങ്ങള്‍ അജ്ഞാതസംഘം കത്തിച്ചു
Posted on: 29 Jun 2015

പുണെ: പുണെയിലെ വിവിധ കോളനികളില്‍ നിര്‍ത്തിയിട്ടിരുന്ന ആറു കാറുകളും 84 ഇരുചക്രവാഹനങ്ങളും ഞായറാഴ്ച പുലര്‍ച്ചെ അജ്ഞാതസംഘം തീവെച്ചു നശിപ്പിച്ചു. പുണെ-സിംഹഗഢ് റോഡിലെ സണ്‍സിറ്റി ഏരിയയിലെ അഞ്ച് റെസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തീവെച്ച് നശിപ്പിച്ചത്. പാര്‍ക്കിങ് ഏരിയയില്‍ കണ്ട തീയും സ്‌ഫോടന ശബ്ദവുംകേട്ട് ഉണര്‍ന്ന ഫ്ലൂറ്റിലെ താമസക്കാരില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് സംഭവത്തില്‍ പൊള്ളലേറ്റു. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് സംഭവത്തെക്കുറിച്ച് അഗ്നിശമന വിഭാഗത്തില്‍ വിവരം ലഭിച്ചത്. പെട്രോള്‍ ടാങ്കില്‍നിന്ന് എന്‍ജിനിലേക്കുള്ള പൈപ്പുകള്‍ അറുത്ത് പുറത്തേക്ക് ഒഴുകുന്ന പെട്രോളിന് തീക്കൊടുത്താണ് വാഹനങ്ങള്‍ കത്തിച്ചെതന്ന് പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞിട്ടുണ്ട്. സൊസൈറ്റിയിലെ സി.സി.ടി.വി. ക്യാമറയില്‍ മോട്ടോര്‍ ബൈക്കിലെത്തിയ ഒരാള്‍ വാഹനങ്ങള്‍ക്ക് തീകൊടുക്കുന്ന ചിത്രം തെളിഞ്ഞിട്ടുണ്ടെന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്. അധോലോകസംഘത്തിന്റെ പരസ്പര വഴക്കിനെത്തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ചിംപ്രി-ചിംച്വാഡ് പ്രദേശങ്ങളില്‍ നേരത്തേ ഉണ്ടായിരുന്നു.
