goodnews head

മലപ്പുറത്ത് 5000 ഏക്കറില്‍ നെല്‍ക്കൃഷിയൊരുക്കാന്‍ പെണ്‍സേന

Posted on: 28 Jun 2015


കോട്ടയ്ക്കല്‍: മലപ്പുറത്തെ 5000 ഏക്കറിനെ നെല്‍ക്കതിരണിയിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എം.കെ.എസ്.പിയുടെ മഹിളാതൊഴില്‍േസന. ആഗസ്തില്‍ ഇവര്‍ പാടത്തിറങ്ങും. നിലമൊരുക്കി ഞാറുനടീല്‍ മുതല്‍ കൊയ്ത്തു വരെ ഇവര്‍ പൂര്‍ത്തിയാക്കും. വിത്തുമായി കര്‍ഷര്‍ പാടത്തെത്തിയാല്‍മതി. കൂലിയും നല്‍കണം. ബാക്കിഎല്ലാം ഇവര്‍ ചെയ്തുകൊള്ളും.

യന്ത്രങ്ങളുപയോഗിച്ചാണ് കൃഷിപ്പണി മുഴുവന്‍. പൊന്നാനി കോള്‍പാടം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 5000 ഏക്കര്‍ കൃഷിഭൂമി കണ്ടെത്തിയതായി മഹിളാ കിസാന്‍ സശാക്തികരണ്‍ പരിയോജന (എം.കെ.എസ്.പി) സി.ഇ.ഒ വി.എസ്. സന്തോഷ്‌കുമാര്‍ പറഞ്ഞു.
ഗൂഗിള്‍ പൊസിഷനിങ് സംവിധാനം(ജി.പി.എസ്) ഉപയോഗിച്ചാണ് സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയത്.

ബ്ലോക്ക്തലത്തില്‍ യോഗം േചര്‍ന്ന് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി. പാടശേഖരസമിതികളുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്. ഭൂരിഭാഗംപേരും താല്‍പര്യം പ്രകടിപ്പിച്ചതായി സന്തോഷ്‌കുമാര്‍ പറഞ്ഞു. മണ്ണുപരിശോധന നടത്തിയശേഷമാണ് ഒരോയിടത്തും ഏതുകൃഷിരീതിയാണ് വേണ്ടതെന്ന് തീരുമാനിക്കുക. മഹിളാതൊഴില്‍ സേനയില്‍ ജില്ലയില്‍ 15 ബ്ലോക്കുകളിലായി ആയിരത്തോളം പേരുണ്ട്. ഇവര്‍ക്ക് യന്ത്രങ്ങളുംമറ്റും ഉപയോഗിക്കാനുള്ള 18ദിവസത്തെ പരിശീലനം നല്‍കിയിട്ടുണ്ട്. കാര്‍ഷിക ജോലികള്‍ക്കുവേണ്ടി കഴിഞ്ഞവര്‍ഷമാണ് തൊഴിസേന രൂപീകരിച്ചത്.

സംസ്ഥാനത്ത് മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാറിന്റെ ധനസഹായത്തോടെ മഹിളാ കിസാന്‍ സശാക്തികരണ്‍ പരിയോജന പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 200ഏക്കറോളം പാടത്ത് തൊഴില്‍സേനയുടെ സഹായത്തോടെ കൃഷിയിറക്കിയിരുന്നു. പാലക്കാട് ജില്ലയിലാണ് പദ്ധതി കൂടുതല്‍ വിജയം. പതിനായിരം ഏക്കറിലാണ് കഴിഞ്ഞവര്‍ഷം അവിടെ കൃഷിയിറക്കിയത്. തൃശ്ശൂരില്‍ നാലായിരം ഏക്കറിലും. ഇപ്പോള്‍ പാടത്ത് കൃഷിപ്പണിനടത്തുക മാത്രമാണ് മഹിളാസേന ചെയ്യുന്നത്. ഇനി പാട്ടത്തിന് സ്ഥലമെടുത്ത്‌ െനല്‍ക്കൃഷിയും ഗ്രോബാഗ് തയ്യാറാക്കലുമൊക്കെയായി പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കും. മുന്നൂറുരൂപയാണ് ഒരാള്‍ക്കുള്ള ദിവസക്കൂലി. എങ്കിലും ഇന്‍സെന്റീവടക്കം 800 രൂപലഭിക്കും. തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും ആസൂത്രണംചെയ്യുന്നുണ്ടെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial