Crime News

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എറണാകുളം എ.ഡി.എം. അറസ്റ്റില്‍

Posted on: 28 Jun 2015



കാക്കനാട്:
പടക്ക വ്യാപാരിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്േട്രട്ട് (എ.ഡി.എം.) ബി. രാമചന്ദ്രനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിലെ രാമചന്ദ്രന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കൈക്കൂലി വാങ്ങുമ്പോള്‍ പിടികൂടിയത്. ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുമായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സെന്‍ട്രല്‍ റെയ്ഞ്ച് സംഘം എ.ഡി.എമ്മിനെ കുടുക്കിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എ.ഡി.എമ്മിന്റെ മേശയുടെ വലിപ്പില്‍ നിന്ന് രേഖകളില്ലാത്ത 40,000 രൂപയും വിജിലന്‍സ് സംഘം കണ്ടെടുത്തു. ഈ തുകയും കൈക്കൂലിയായി എ.ഡി.എം. വാങ്ങിയതാണെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചു.
പടക്ക വ്യാപാരിയായ തൃപ്പൂണിത്തുറ സ്വദേശി ലിനോള്‍ഫ് ജോസഫില്‍ നിന്നാണ് എ.ഡി.എം. കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ട് പടക്കക്കടയും ഒരു ഗോഡൗണും ഉള്ള ലിനോള്‍ഫ് ഇവയുടെ ആവശ്യത്തിനായാണ് എ.ഡി.എമ്മിനെ കാണാനായി എത്തിയത്. വടക്കേ കോട്ടയിലും മാര്‍ക്കറ്റിനടുത്തുള്ള ജുമാമസ്ജിദ് റോഡിനടുത്തുമാണ് ലിനോള്‍ഫിന് സ്വന്തം പേരിലും ഭാര്യയുടെ പേരിലും കടയുള്ളത്. മാര്‍ക്കറ്റിനടുത്ത് ഒരു ഗോഡൗണ്‍ കൂടി ലിനോള്‍ഫിനുണ്ട്. ഈ കടകളുടേയും ഗോഡൗണിന്റേയും സ്റ്റോക് പരിധി വര്‍ദ്ധിപ്പിക്കാനാണ് ഇയാള്‍ അപേക്ഷ നല്‍കിയിരുന്നത്.
ഇതിനായി അഞ്ച് ലക്ഷം രൂപ എ.ഡി.എം. കൈക്കൂലി ഇനത്തില്‍ ചോദിച്ചെന്ന് ലിനോള്‍ഫ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു. എ.ഡി.എമ്മിന് നല്‍കാനായി അന്‍പതിനായിരം രൂപയുമായി ലിനോള്‍ഫ് ആദ്യം ചെന്നെങ്കിലും വാങ്ങാന്‍ കൂട്ടാക്കിയില്ല. പിതാവുമായാണ് എ.ഡി.എമ്മിനടുത്തെത്തിയത്. അഞ്ച് ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് ലിനോള്‍ഫ് അറിയിച്ചു. എ.ഡി.എമ്മുമായി നടത്തിയ ഈ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ ലിനോള്‍ഫ് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. ഇതുമായാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
പിന്നീട് രണ്ട് ലക്ഷം രൂപ കൈക്കൂലിയായി നല്‍കിയാല്‍ മതിയെന്ന് എ.ഡി.എമ്മുമായി ധാരണയിലായി. ജൂണ്‍ 23 ന് വിജിലന്‍സ് സംഘം നല്‍കിയ ഒരു ലക്ഷം രൂപയുമായി ലിനോള്‍ഫ് എത്തിയിരുന്നെങ്കിലും എ.ഡി.എമ്മിന്റെ തിരക്ക് കാരണം അന്ന് കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഓപ്പറേഷന്‍ ശനിയാഴ്ചത്തേക്ക് മാറ്റിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. കെ. ബിജുമോന്‍ പറഞ്ഞു.
ആയിരത്തിന്റെ നൂറ് നോട്ടുകളാണ് എ.ഡി.എമ്മിന് നല്‍കാനായി വിജിലന്‍സ് ഏല്പിച്ചത്. നേരത്തെ തന്നെ ഇതിന്റെ നമ്പര്‍ രേഖപ്പെടുത്തി ഗസറ്റഡ് ഓഫീസര്‍മാരെ കൊണ്ട് ഇവ ശരിയാണെന്ന് ഉറപ്പു വരുത്തിയിരുന്നു. രാസവസ്തുവായ ഫിനോഫ്തലീന്‍ തൂകിയ നോട്ടുകള്‍ പേപ്പറില്‍ പൊതിഞ്ഞ് ലിനോള്‍ഫിന് നല്‍കി. രാവിലെ ഏഴരയോടെ ആദ്യ ഗഡുവെന്ന പേരില്‍ ലിനോള്‍ഫ് ഒറ്റയ്ക്ക് വീട്ടില്‍ ചെന്ന് ഈ തുക എ.ഡി.എമ്മിന് നല്‍കുകയായിരുന്നു. വീട്ടില്‍ നിന്ന് ലിനോള്‍ഫ് പുറത്ത് ഇറങ്ങിയ ഉടന്‍ തന്നെ ക്വാര്‍ട്ടേഴ്‌സിനു സമീപം കാത്തിരുന്ന വിജിലന്‍സ് സംഘം എ.ഡി.എമ്മിന്റെ വീട്ടിലെത്തി പണം കണ്ടെടുത്തു. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത നാല്പതിനായിരത്തോളം രൂപ തിരുമാറാടിയിലെ പെട്രോള്‍ പമ്പുടമ നല്‍കിയതാണെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. പറഞ്ഞു.
രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. കൊളീജിയറ്റ് എഡ്യൂക്കേഷന്‍ വകുപ്പിലെ ഉേദ്യാഗസ്ഥനും ആലുവ പി.ഡബ്ലൂു.ഡി. എ.ഇ.യുമാണ് ഗസറ്റഡ് റാങ്കില്‍ പരിശോധനാ സംഘത്തെ സഹായിക്കാനെത്തിയ ഉദ്യോഗസ്ഥര്‍.
ബി. രാമചന്ദ്രനെ കോഴിക്കോട്ടുള്ള എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കും. തൃശ്ശൂര്‍ സ്‌പെഷല്‍ കോടതിയില്‍ മജിസ്‌ട്രേട്ട് ഇല്ലാത്തതിനാലാണ് കോഴിക്കോട് കോടതിയില്‍ ഹാജരാക്കുന്നത്.
വിജിലന്‍സ് എസ്.പി. കെ.എം. ആന്റണിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി. കെ. ബിജുമോന്‍, സി.ഐ. മാരായ നിസാമുദ്ദീന്‍, മോഹന്‍ലാല്‍, എ.എസ്.ഐ. സണ്ണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജലീല്‍, സുകുമാരന്‍, പ്രിന്‍സ്, സുനില്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial