
ആനയെ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന പരാതിയില്‍ ഗണേശിന് വിജിലന്‍സ് നോട്ടീസ്
Posted on: 27 Jun 2015

പെരിന്തല്‍മണ്ണ സ്വദേശി സി.പി.ശശിധരന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ട് ഗണേഷിന് നോട്ടീസയയ്ക്കാന്‍ വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഉത്തരവിട്ടത്. ക്ഷേത്രത്തില്‍ നടയിരുത്താനെന്ന പേരില്‍ വാങ്ങുന്ന ആനകളെ ആറ് മാസത്തിനുള്ളില്‍ നടയിരുത്തണം. അതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ വനം വകുപ്പിന് തിരിച്ച് നല്‍കണം എന്നതാണ് നിയമം. എന്നാല്‍, കോന്നി ആനക്യാമ്പില്‍ നിന്ന് 1994ല്‍ വാങ്ങിയ ആനയെ കഴിഞ്ഞ 20 വര്‍ഷമായി സ്വന്തമായി ധനാഗമ മാര്‍ഗമായി ഗണേഷ് കുമാര്‍ ഇപ്പോഴും ഉപയോഗിക്കുകയാണെന്നാണ് പരാതി.
കാവിലമ്മ ഭഗവതിക്ഷേത്രത്തിന് നല്‍കാനെന്ന പേരിലാണ് ഗണേഷ് ആനയെ വാങ്ങിയത്. എന്നാല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലും കീഴൂട്ട് വിശ്വനാഥനെന്ന ആനയെ നടയിരുത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍!ഡ് വ്യക്തമാക്കിയിട്ടുണ്ട്.അഴിമതിവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലും വന്യജീവി സംരക്ഷണ നിയമപ്രകാരവും കീഴൂട്ട് വിശ്വനാഥന്‍ എന്ന ആനയെ വനം വകുപ്പിലേക്ക് തിരിച്ചെടുക്കാനും ഗണേഷ് കുമാര്‍ സമ്പാദിച്ച തുക സര്‍ക്കാറിലേക്ക് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയില്‍ പരാതി.
ഗവണ്‍മെന്റ് രേഖകളുടെ പിന്‍ബലത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് കണ്ടാണ് പരാതി ഫയലില്‍ സ്വീകരിക്കാനും ഗണേഷിന് നോട്ടീസയയ്ക്കാനും തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് അടുത്ത മാസം 17ന് കോടതി വീണ്ടും പരിഗണിക്കും.
