Crime News

ഡി.ജെ. പാര്‍ട്ടികള്‍ നടത്തുന്ന ഹോട്ടലുകള്‍ റെയ്ഡ് ചെയ്യും- ആഭ്യന്തരമന്ത്രി

Posted on: 27 Jun 2015


തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടഞ്ഞില്ലെങ്കില്‍ ഡി.ജെ. പാര്‍ട്ടികള്‍ നടത്തുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും ബോട്ടുകളും റെയ്ഡ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യ, മയക്കുമരുന്ന് ഉപയോഗം തടയാനായി കോളേജ് ഹോസ്റ്റലുകള്‍ അടക്കമുള്ള സ്ഥലങ്ങളിലും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണവും ബോധവത്കരണ പരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രബന്ധമുള്ള മയക്കുമരുന്ന് ലോബികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മയക്കുമരുന്ന് വ്യാപനവും വിപണനവും തടയാന്‍ രസഹ്യാന്വേഷണ വിഭാഗത്തെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തും. ക്ലീന്‍ കാമ്പസ് പദ്ധതി കോളേജുകളിലേക്കും വ്യാപിപ്പിക്കും. ആന്റിനാര്‍ക്കോട്ടിക് നിയമം ഭേദഗതി ചെയ്യണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങിന് കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് മേഖലകളില്‍ നിന്ന് ഇടുക്കി വഴി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. ഇടുക്കി മേഖലയില്‍ കഞ്ചാവ് കൃഷി ഇല്ലാതായെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം ഉള്ള അട്ടപ്പാടി, അഗളി മേഖലകളില്‍ കൃഷി വ്യാപകമായിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ പണം ഉണ്ടാക്കാനാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
14 വയസ്സുവരെയുള്ള കുട്ടികളില്‍ 35 ശതമാനം പേര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി പഠനങ്ങള്‍ വെളിവാക്കിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹിക അരാചകത്വവും സൃഷ്ടിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.ജി.പി. പദ്മകുമാര്‍, തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷഫീന്‍ അഹമ്മദ്, ജില്ലാ പോലീസ് മേധാവി എച്ച്.വെങ്കിടേഷ്, െഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ്, കണ്‍ട്രോള്‍ റൂം എ.സി.പി. പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial