Crime News

എ.ടി.എം. കവര്‍ച്ചാ ശ്രമം; പിടിയിലായത് അച്ഛനും മൂന്ന് മക്കളും

Posted on: 26 Jun 2015


രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: സെമിത്തേരിമുക്കിലെ കനറാ ബാങ്ക് എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് ഉത്തര്‍പ്രദേശ് സ്വദേശികളായ അച്ഛനും മൂന്ന് മക്കളും. ബലിയ ജില്ലയിലെ ദിഹാര്‍ സ്വദേശി ചന്ദ്രഭൂഷണ്‍ മിശ്ര (61), മകന്‍ മരുത് കുമാര്‍ മിശ്ര (25) എന്നിവരുടെ അറസ്റ്റ് എറണാകുളം നോര്‍ത്ത് പോലീസ് വ്യാഴാഴ്ച രേഖപ്പെടുത്തി. ഓടി രക്ഷപ്പെട്ടിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിച്ചത്. ചന്ദ്രഭൂഷണ്‍ മിശ്രയുടെ മറ്റുമക്കളായ മയന്‍കുമാര്‍ മിശ്ര (20), വികാസ് കുമാര്‍ മിശ്ര (18) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൊച്ചിയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി നോക്കിയിരുന്നവരാണ് നാലുപേരും.

നഗരത്തില്‍ പല എ.ടി.എം. കൗണ്ടറുകളിലും കാവല്‍നിന്നിട്ടുള്ള ഇവര്‍ എ.ടി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് മോഷണത്തിന് പദ്ധതിയിട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് കച്ചേരിപ്പടിക്ക് അടുത്ത് സെമിത്തേരിമുക്കിലുള്ള കനറാ ബാങ്ക് എ.ടി.എം. കൗണ്ടര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത്.മയന്‍കുമാറിനെയും വികാസിനെയും കാവല്‍നിര്‍ത്തി ചന്ദ്രഭൂഷണ്‍ മിശ്രയും മരുത് കുമാറുമാണ് കൗണ്ടറില്‍ കയറിയത്. തുടര്‍ന്ന് ചുറ്റിക കൊണ്ട് മെഷീന്റെ ലോക്ക് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ അതുവഴി ബൈക്കില്‍ പോകുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാഹുലും സുഹൃത്ത് ഷണ്‍മുഖപുരം ക്ഷേത്രത്തിലെ പൂജാരി അഖിലും സംശയം തോന്നി വിവരം പോലീസില്‍ അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.

പുറത്തുനിന്നിരുന്ന മയന്‍കുമാറിനെയും വികാസിനെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ ഇരുവരും ചേര്‍ന്ന് തടയുകയായിരുന്നു. ഇതേസമയം മറ്റ് രണ്ട് പ്രതികളും പുറത്തേക്കോടി രക്ഷപ്പെട്ടു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെപ്പറ്റി വിവരം ലഭിച്ചത്. തീവണ്ടിയില്‍ നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് രണ്ട് പ്രതികളെയും എറണാകുളം നോര്‍ത്ത് എസ്.ഐ. പി.ആര്‍. സുനുവിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ്, സാബു, ബിജി, വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രതികളെ പിടികൂടാന്‍ സഹായിച്ച യുവാക്കളെ കൊച്ചി സിറ്റി പോലീസ് വെള്ളിയാഴ്ച ആദരിക്കുന്നുണ്ട്. രാവിലെ സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ നടക്കുന്ന ലഹരിവിരുദ്ധ ദിനാചരണത്തില്‍ ഇരുവര്‍ക്കും ക്യാഷ് അവാര്‍ഡ് സമ്മാനിക്കും.

 

 




MathrubhumiMatrimonial