Crime News

വിമാനത്താവളത്തിലെ അക്രമം: ജവാന്‍മാരുടെ ജാമ്യാപേക്ഷ തള്ളി

Posted on: 26 Jun 2015


മഞ്ചേരി/കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒമ്പതു സി.ഐ.എസ്.എഫ് ജവാന്‍മാരുടെ ജാമ്യാപേക്ഷ മഞ്ചേരി സി.ജെ.എം. കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. വേലിതന്നെ വിളവുതിന്നുന്ന സമീപനമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സി.ഐ.എസ്.എഫ്. ജവാന്‍മാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എസ്. ജയകുമാര്‍ ജോണ്‍ വിലയിരുത്തി.

സുരേഷ് ഗൗള, സുഭാഷ്ചന്ദ്രന്‍, കെ.കെ ഗൗഡ, ജിതേന്ദ്രകുമാര്‍, അരവിന്ദ് യാദവ്, അശ്വിനി കുമാര്‍, ജെ.എ. നടരാജന്‍, അമിത് തിവാരി, ധീരന്ദ്ര ഒറാന്‍ എന്നിവര്‍ക്കാണ് ജാമ്യം നഷേധിച്ചത്. ജൂണ്‍ 10ന് വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനിടെ ജവാന്‍ വെടിയേറ്റുമരിച്ചതിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചകുറ്റമാണ് പ്രതികളുടെ പേരിലുള്ളത്. അറസ്റ്റിലായ നാലുജവാന്‍മാരുടെ ജാമ്യാപേക്ഷയും കോടതി നേരത്തെ നിരസിച്ചിരുന്നു.

അഗ്നിരക്ഷാസേനയിലെ സൂപ്പര്‍ വൈസര്‍ അജികുമാറിനെ തെളിവെടുപ്പിനു ശേഷം റിമാന്‍ഡുചെയ്ത് ജയിലിലേക്ക് അയച്ചു. രണ്ടുദിവസമാണ് തെളിവെടുപ്പിന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സി.ഐ.എസ്.എഫ്. ജവാന്‍ എസ്.എസ്. യാദവ് വെടിയേറ്റു മരിച്ച കേസിലെ മുഖ്യപ്രതിയാണ് അജികുമാര്‍. വിമാനത്താവളത്തിലെ ഫയര്‍‌സ്റ്റേഷനില്‍ പോലീസ് നടത്തിയ തെളിവെടുപ്പില്‍ സംഭവദിവസം അജികുമാര്‍ ധരിച്ച വസ്ത്രങ്ങള്‍ കണ്ടെത്തി. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയക്കും. റിമാന്‍ഡില്‍ കഴിയുന്ന മറ്റു പ്രതികളെ തെളിവെടുപ്പിന് കസ്റ്റഡിയില്‍വാങ്ങുന്ന കാര്യം പരിഗണനയിലില്ലെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരി കൊണ്ടോട്ടിയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.

 

 




MathrubhumiMatrimonial