Crime News

ദീപക് വധം:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Posted on: 26 Jun 2015


തൃശ്ശൂര്‍: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ദീപക് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പത്തു പ്രതികളുടെയും ജാമ്യഹര്‍ജി ജഡ്ജി പി. നന്ദനകൃഷ്ണന്‍ തള്ളിയത്.

കേസിലെ പ്രതികളായ എം.എസ്. ഋഷികേശ്, കെ.യു. നിജില്‍, കെ.പി. പ്രശാന്ത്, രശാന്ത്, വി.പി. ബ്രഷ്‌നേവ്, ശിവദാസന്‍, രാഗേഷ്, കെ.എസ്. ബൈജു, സാനന്ദ്, സരസന്‍ എന്നിവരാണ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥന്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗ്ഗീസ് കാച്ചപ്പിള്ളി എന്നിവരാണ് കോടതിയില്‍ ഹാജരായത്. ദീപക് വധത്തിനുശേഷം ഒളിവില്‍ പോവുകയും ഒരുമാസം മുമ്പ് അറസ്റ്റിലാവുകയും ചെയ്ത ഒമ്പതാംപ്രതി കാരയില്‍ വീട്ടില്‍ സാനന്ദിന്റെ ജാമ്യാപേക്ഷയിലുള്ള വാദം വ്യാഴാഴ്ച രാവിലെ കോടതിയില്‍ നടന്നു.

ദീപക് വധവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നതിനും ആയുധങ്ങള്‍ ഒളിപ്പിക്കുന്നതിനും കൂട്ടുനിന്ന ആളാണെന്നതിനാല്‍ ഒമ്പതാം പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കൂട്ടാനിടയാവുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗ്ഗീസ് കാച്ചപ്പിള്ളി കോടതിയില്‍ വാദിച്ചു. ജാമ്യത്തില്‍ വിടുന്നത് പ്രതികളുടെ ജീവനും ഭീഷണിയാവുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ കണക്കിലെടുത്ത കോടതി വ്യാഴാഴ്ച വൈകീട്ടാണ് പത്ത് പ്രതികളുടെയും ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവായത്.

 

 




MathrubhumiMatrimonial