Crime News

ഉതുപ്പിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ്‌

Posted on: 26 Jun 2015


നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്
സി.ബി.ഐ. ഇന്റര്‍പോളുമായി ബന്ധപ്പെട്ടു


കൊച്ചി:
നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനായി സി.ബി.ഐ. ഇന്റര്‍പോളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉതുപ്പ് കുവൈത്തില്‍ ഒളിവില്‍ കഴിയുന്നതായി സി.ബി.ഐ.ക്ക് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടുന്നത്.

നേരത്തെ ഉതുപ്പ് വര്‍ഗീസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സി.ബി.ഐ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇയാളുടെ ചിത്രം കൈമാറിയിരുന്നു. നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതോടെ സി.ബി.ഐ.ക്ക് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിരുന്നു.

ഇതിനിടെ ഉതുപ്പ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമങ്ങള്‍ തുടങ്ങിയതായും സൂചനയുണ്ടായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതാണ്. കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ ഉതുപ്പിന്റെ അഭിഭാഷകന്‍ വാദിച്ചത്.

കേസില്‍ അറസ്റ്റിലായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സാണ് ഉതുപ്പിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തത്. തട്ടിപ്പിനെതിരെ ലഭിച്ച പരാതിയില്‍ നടപടികളെടുക്കാതെ അവയെല്ലാം അഡോള്‍ഫ് ഉതുപ്പിന് അയച്ചുകൊടുത്തതായും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. പ്രവാസകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ സഹായമില്ലാതെ ഉതുപ്പിന് ഇത്ര വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്ന് സി.ബി.ഐ. തുടക്കം മുതലേ അനുമാനിച്ചിരുന്നതാണ്.

ഹവാലാ ഇടപാടുകാരന്‍ സുരേഷ് ബാബുവായിരുന്നു തട്ടിപ്പിന് ഉതുപ്പിന് കൂട്ടുനിന്ന മറ്റൊരു വ്യക്തി. അല്‍ സറാഫയിലും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ ഉതുപ്പ്, സുരേഷ് ബാബുവിനെ വിളിച്ച് രേഖകളെല്ലാം ഒളിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഉതുപ്പിന്റെ കുവൈത്തിലെ ഒളിത്താവളത്തെക്കുറിച്ച് സുരേഷിന് അറിയാമോ എന്നും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.

എന്താണ് റെഡ് കോര്‍ണര്‍

കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയവയെക്കുറിച്ചറിയാന്‍ ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ പ്രമുഖമാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ, ബ്ലാക്ക്, ഓറഞ്ച്, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഏഴ് തരം നോട്ടീസുകള്‍ പുറപ്പെടുവിക്കാറുണ്ട്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്‌പെഷല്‍ നോട്ടീസാണ് എട്ടാമത്തേത്.
കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടീസാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇതിന് താഴെയാണ് ബ്ലൂ നോട്ടീസ്. കഴിഞ്ഞ ദിവസം ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്കെതിരെ പുറപ്പെടുവിച്ചത് ബ്ലൂ നോട്ടീസായിരുന്നു. ഇന്ത്യക്കകത്ത് കുറ്റവാളികളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസാണ് പുറപ്പെടുവിക്കുന്നത്.

 

 




MathrubhumiMatrimonial