
വാര്‍ധക്യത്തിലും ഹവ്വാഉമ്മ നോമ്പുനോല്‍ക്കുന്നു: മക്കള്‍ക്കുവേണ്ടി
Posted on: 24 Jun 2015
ഷാന്‍ ജോസഫ്

അമ്പലവയല്‍: നബി അനുയായികളോടു പറഞ്ഞു; 'ആരെങ്കിലും തന്റെ സമ്പാദ്യത്തില്‍നിന്ന് ഒരു കാരയ്ക്കയുടെ അത്ര ദാനംചെയ്താല്‍ അല്ലാഹു അത് വലംകൈകൊണ്ട് സ്വീകരിക്കും. എന്നിട്ട് നിങ്ങളിലൊരാള്‍ തന്റെ കുതിരക്കുട്ടിയെ പോറ്റിവളര്‍ത്തുംപോലെ ഒരു പര്‍വതത്തോളം വലുതാകുംവരെ അല്ലാഹു അതിനെ വളര്‍ത്തും'. നബിവചനം വിശ്വസിക്കുന്ന ഹവ്വാഉമ്മ വ്രതമെടുത്തു പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്, സുമനസ്സുകളുടെ സഹായമെത്തുന്നതും കാത്ത്.
അരയ്ക്കുതാഴെ തളര്‍ന്ന രണ്ടുപെണ്‍മക്കളെ പട്ടിണിയില്ലാതെ പോറ്റാന്‍ പാടുപെടുകയാണ് ആണ്ടൂര്‍ ചെമ്പരത്തിയംപറമ്പില്‍ ഹവ്വാ എന്ന 78കാരി. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത തന്റെ മക്കള്‍ സൈനബ (42) യ്ക്കും ആമിന (36) യ്ക്കും കൂട്ട് ഹവ്വാഉമ്മ മാത്രമാണ്.
20 വര്‍ഷം മുന്‍പ് നാട്ടുകാര്‍ നിര്‍മിച്ചുനല്‍കിയ ഇരുമുറി വീട്ടിലാണ് ഇവരുടെ താമസം. ചെറിയൊരു മഴപെയ്താല്‍ വീട് ചോര്‍ന്നൊലിക്കും. കക്കൂസുമില്ല. ആരോഗ്യവകുപ്പില്‍നിന്നും സഹായമൊന്നും ലഭിച്ചില്ല. അഞ്ചുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. ഹവ്വാഉമ്മയും അഞ്ചുപെണ്‍മക്കളും ജീവിക്കാന്‍ നന്നേ പാടുപെട്ടു. ഇതിനിടയിലും നാട്ടുകാരുടെ സഹായത്തോടെ മൂന്നുമക്കളെ വിവാഹം ചെയ്തയച്ചു.
ജീവിതം വീല്‍ച്ചെയറിലായിപ്പോയ മക്കള്‍ക്ക് അന്നുമുതല്‍ ഹവ്വാഉമ്മ കൂട്ടിരിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനും മക്കള്‍ക്കു തനിച്ചുപറ്റില്ല. മലമൂത്ര വിസര്‍ജനത്തിന് തനിച്ചുപോകാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പലപ്പോഴും ഭക്ഷണം കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂവെന്ന് പറയുമ്പോള്‍ ഹവ്വാഉമ്മയുടെ കണ്ണില്‍ നനവുപടര്‍ന്നു.
ജീവിത സാഹചര്യങ്ങള്‍ വരിഞ്ഞുമുറുക്കുമ്പോഴും തോറ്റുകൊടുക്കാന്‍ തയ്യാറല്ല ഹവ്വാഉമ്മ. മറ്റു വീടുകളില്‍ ജോലിക്കുപോയി അന്നത്തിനുള്ള വക കണ്ടെത്തും. ശേഷിക്കുന്ന നേരത്ത് മക്കളെ പരിചരിക്കാനായി ഓടിയെത്തും. ഉദാരമതികളായ നാട്ടുകാര്‍ ആവുംപോലെ സഹായിക്കും. പ്രായാധിക്യംമൂലം ജോലിക്ക്‌പോയിട്ട് കുറച്ചുനാളായി.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന് 25,000 രൂപ ലഭിച്ചത് വലിയ ആശ്വാസമായി. തനിക്കുശേഷം മക്കളെ ആരുനോക്കുമെന്ന വേവലാതി ഹവ്വാഉമ്മയുടെ ചുക്കിച്ചുളിഞ്ഞ മുഖത്തു തെളിഞ്ഞുകാണാം. സുമനസ്സുകളടെ കാരുണ്യം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് മൂവരും.
ഹബ്ബഉമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
Name: Awwa Umma
Acct No: 40102100102900.
IFSC Code - CNRB00SMGB4.
Kerala Gramin Bank, Ambalavayal Branch.
Phone No: 9048949751
