Crime News

പത്രപ്രവര്‍ത്തകന്റെ മരണം ആത്മഹത്യയാകാമെന്ന് പോലീസ്

Posted on: 24 Jun 2015


ലഖ്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രിയ്‌ക്കെതിരെ വാര്‍ത്തയെഴുതിയതിനെത്തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച പത്രപ്രവര്‍ത്തകന്‍ ജഗേന്ദ്രസിങ്ങിന്റെ മരണം ആത്മഹത്യയാകാനാണ് സാധ്യതയെന്ന് പ്രാഥമിക പരിശോധനാഫലം.

ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക പരിശോധനാഫലമാണ് പോലീസ് പുറത്തുവിട്ടത്. മരണം ആത്മഹത്യയാണെന്ന് തെളിയിക്കുന്നതാണ് പ്രാഥമികഫലമെന്നും എന്നാല്‍ വിശദമായ ഫലം കാത്തിരിക്കുകയാണെന്നും ഷാജഹാന്‍പുര്‍ പോലീസ് സൂപ്രണ്ട് ബബ്ലുകുമാര്‍ പറഞ്ഞു. പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍മാത്രമേ കൂടുതല്‍ സ്ഥിരീകരണം നടത്താന്‍ കഴിയൂവെന്നും അന്വേഷണം തുടരുകയാണെന്നും ബറേലി ഡി.ഐ.ജിയും പ്രതികരിച്ചു.

മരിച്ച ജഗേന്ദ്രസിങ്ങിന്റെ ഇടതുഭാഗത്താണ് കൂടുതല്‍ പൊള്ളലേറ്റിട്ടുള്ളത്. വലതുകൈകൊണ്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഡി.ഐ.ജി. പറഞ്ഞു.

ജൂണ്‍ എട്ടിനാണ് ഷാജഹാന്‍പുര്‍ സ്വദേശിയായ ജഗേന്ദ്രസിങ് തീപ്പൊള്ളലേറ്റ് മരിച്ചത്. മന്ത്രി രാം മൂര്‍ത്തി സിങ് വര്‍മയുടെ ഖനി-ഭൂമാഫിയ ബന്ധത്തെക്കുറിച്ച് വാര്‍ത്തയെഴുതിയ ജഗേന്ദ്രസിങ്ങിനെ ചോദ്യംചെയ്യാനായി പോലീസ് എത്തിയതിനുശേഷമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിങ്ങിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇരുകോടതികളും സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം മന്ത്രിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സിങ്ങിന്റെ കുടുംബം നടത്തിയ നിരാഹാരസമരം ചൊവ്വാഴ്ച അവസാനിപ്പിച്ചു. സംസ്ഥാനസര്‍ക്കാര്‍ 30 ലക്ഷംരൂപ ധനസഹായവും കുടുംബത്തിലെ രണ്ടുപേര്‍ക്ക് സര്‍ക്കാര്‍ജോലിയും പ്രഖ്യാപിച്ചതിനെ ത്തുടര്‍ന്നാണ് സമരം നിര്‍ത്തിയത്.

 

 




MathrubhumiMatrimonial