
വിമാനത്താവളത്തിലെ അക്രമത്തിന്റെ മറവില്‍ സ്വര്‍ണംകടത്തിയതായി സംശയം
Posted on: 24 Jun 2015
ഇന്റലിജന്‍സ് അന്വേഷണംതുടങ്ങി
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അക്രമസംഭവങ്ങളുടെ മറവില്‍ വ്യാപകമായി സ്വര്‍ണക്കടത്ത് നടത്തിയതായി സംശയമുയരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണംതുടങ്ങി. കഴിഞ്ഞ 10ന് രാത്രിയാണ് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ്. ജവാന്‍ വെടിയേറ്റുമരിച്ചതിനെത്തുടര്‍ന്ന് അക്രമമുണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ശ്രദ്ധമുഴുവന്‍ ഇതിലായിരുന്നു. അവസരം മുതലെടുത്ത് സ്ഥിരം കള്ളക്കടത്തുസംഘം സ്വര്‍ണംകടത്തിയതായാണ് സംശയമുയരുന്നത്.
അക്രമമുണ്ടായ രാത്രിയില്‍ കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ട വിമാനത്തില്‍നിന്ന് രണ്ടു കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. എന്നാല്‍ അതിനുശേഷം കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാത്തത് രഹസ്യാന്വേഷണവിഭാഗം ഗൗരവത്തോടെയാണ് കാണുന്നത്.
കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത്. ദുബായില്‍ സംഘം സക്രിയമായി രംഗത്തുള്ളതായി ഇന്റലിജന്‍സ് ബ്യൂറോ നിരീക്ഷിച്ചിട്ടുണ്ട് . ഇതും സംശയങ്ങള്‍ ബലപ്പെടുത്തുന്നു.
