
യാത്രക്കാരന് നടുറോഡില്‍ മര്‍ദനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Posted on: 24 Jun 2015
വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
കൊച്ചി: ബസ്സുകളുടെ മത്സരയോട്ടം ചോദ്യം ചെയ്ത യാത്രക്കാരന്‍ നടുറോഡില്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ കോടതി സ്വമേധയാ കേസ്സെടുത്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പനങ്ങാട് അഡീഷണല്‍ എസ്.ഐ. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി.
മര്‍ദനത്തിനിരയായ യാത്രക്കാരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി പത്ര റിപ്പോര്‍ട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ യാത്രക്കാരന്റെ പേരില്‍ കേസില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ജിജോയുടെ പേര് പ്രഥമവിവര റിപ്പോര്‍ട്ടിലില്ല. കണ്ടാലറിയുന്ന യാത്രക്കാരനെന്നാണ് ചേര്‍ത്തിരിക്കുന്നതെന്നും കോടതിയെ അറിയിച്ചു.
കുത്തിയതോട് നോര്‍ത്ത് പാനിക്കുളങ്ങര സ്വദേശി പി.കെ. ജിജോ (42) യ്ക്കാണ് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റത്. പനങ്ങാട്-ചേരാെനല്ലൂര്‍ റൂട്ടില്‍ ഓടുന്ന 'നിസിയ' ബസ്സും ചേപ്പനം-ആലുവ റൂട്ടിലോടുന്ന 'എംപറര്‍' ബസ്സും തമ്മിലായിരുന്നു മത്സരയോട്ടം. നിസിയ ബസ്സിലെ യാത്രക്കാരനായിരുന്നു ജിജോ. മത്സരയോട്ടം പനങ്ങാട് ഐ.എന്‍.ടി.യു.സി. ജംഗ്ഷനിലെത്തിയപ്പോള്‍ വാക്കേറ്റവും അസഭ്യവര്‍ഷവുമായി. ജിജോ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതിനെതിരെ പ്രതികരിച്ചു.
തുടര്‍ന്ന് ജിജോ വൈറ്റിലയിലെ സ്റ്റോപ്പില്‍ ഇറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ എംപറര്‍ ബസ് ജീവനക്കാര്‍ പിന്നാലെ എത്തി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഹൈക്കോടതി മുന്‍ ജഡ്ജിയാണ് ജിജോയെ രക്ഷിച്ചത്. കാപ്പ ബോര്‍ഡ് െചയര്‍മാന്‍ കൂടിയായ അദ്ദേഹം ഗണ്‍മാനെ വിട്ടാണ് ജിജോയെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ പനങ്ങാട്, മരട് പോലീസ് സ്റ്റേഷനുകളിലായി വ്യത്യസ്ത കേസുകളുണ്ട്. ഇതില്‍ ഒരു കേസിലാണ് ജിജോയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
