Crime News

കാപ്പാ നിയമം: കാസര്‍കോട്ട് 35 പേരെ നാടുകടത്തി; ഈ വര്‍ഷം 10 പേര്‍ ജയിലില്‍

Posted on: 24 Jun 2015


കാസര്‍കോട്: അടിക്കടി വര്‍ഗീയ-രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുന്ന കാസര്‍കോട്ട് കാപ്പാ നിയമം ശക്തമാക്കുന്നു. ഇത് പ്രകാരം ഈ വര്‍ഷം മൂന്ന് പേരെ നാടുകടത്തി. നാല് പേരെ കൂടി ഉടന്‍ നാടു കടത്തും. ഇതോടെ 2007-ല്‍ നടപ്പാക്കിയ കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പാ) പ്രകാരം ജില്ലയില്‍ നിന്ന് 35 പേരെ നാടുകടത്തി. 10 പേരെ വിചാരണ കൂടാതെ ജയിലിലടച്ചു. രണ്ട് പേരെ കൂടി ഉടന്‍ ജയിലിലിടും.

ജില്ലയിലെ സംഘര്‍ഷങ്ങളും അക്രമങ്ങളും നിയന്ത്രിക്കുന്നതിനാണ് നിയമം ശക്തമാക്കുന്നത്. ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള ഗൗരവകരമായ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെയാണ് കാപ്പാ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ മൂന്നിലധികം കേസുകളില്‍ പ്രതിയായവര്‍ക്കെതിരെയാണ് നടപടി.

കാപ്പാ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരമാണ് നാടുകടത്തല്‍ നടപടി. ഇത്തരത്തില്‍ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് ഒരുവര്‍ഷം ജില്ലയില്‍ പ്രവേശിക്കാനാകില്ല. ഈ വര്‍ഷം നീലേശ്വരത്തെ വിപിന്‍ ദാസ്, കാസര്‍കോട്ടെ അബ്ദുള്‍ സത്താര്‍, കുമ്പളയിലെ സുനില്‍കുമാര്‍ എന്നിവരെ നാട് കടത്തിയിരുന്നു. നാല് പേരെ കൂടി ഇതേ നടപടിക്ക് വിധേയമാക്കും.

കാപ്പാ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം വിചാരണകൂടാതെ ഒരുവര്‍ഷം വരെ ജയിലിലിടാം. ഈ വര്‍ഷം ഇതുവരെ 10 പേരെയാണ് ഇത്തരത്തില്‍ ജയിലിലടച്ചത്. കേസിന്റെ സ്വഭാവമനുസരിച്ചാണ് ഓരോരുത്തര്‍ക്കെതിരെയും ഏത് വകുപ്പ് ചുമത്തണമെന്ന് തീരുമാനിക്കുന്നത്. ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെയും പൊതുജനങ്ങള്‍ക്ക് ശല്യം സൃഷ്ടിക്കുന്നവരുമായ കൂടുതല്‍ പേരെ കാപ്പാ നിയമം ചുമത്തുമെന്നാണ് സൂചന.

 

 




MathrubhumiMatrimonial