
20 വര്‍ഷമായി ആനവേട്ട;പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി
Posted on: 23 Jun 2015

കേസില്‍ പത്തു പ്രതികളുണ്ട്. ഏഴു പേര്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടു പ്രതികളെ ഈയിടെയാണ് അറസ്റ്റ് ചെയ്തത്. അവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അതിനിടയിലാണ് കോതമംഗലം സ്വദേശി എല്‍ദോ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ വാദം കേട്ട ശേഷം ഹര്‍ജി കോടതി തള്ളി.
ഒളിവിലുള്ള ഏഴുപേര്‍ കോതമംഗലത്തിനു സമീപമുള്ള കുട്ടമ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആനവേട്ട സംഘമാണ്. ഇവരോടൊപ്പം വേട്ടക്കിറങ്ങിയിരുന്ന റിട്ടയേര്‍ഡ് വനം വകുപ്പ് വാച്ചര്‍ കുഞ്ഞുകുഞ്ഞ് ഈയിടെ കീഴടങ്ങിയിരുന്നു. ഈയാളില്‍ നിന്നാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നീണ്ട മുപ്പതു വര്‍ഷമായി ആനവേട്ട നടക്കുന്നു. ഇതുവരെ മുപ്പതോളം ആനകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അറിഞ്ഞിട്ടുള്ളത്. ചാലക്കുടി, പറമ്പിക്കുളം, തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിട്ടുള്ളത്. ആനക്കൊമ്പുകള്‍ കേരളത്തിനു പുറത്തുള്ള സംഘത്തിനും കൈമാറിയിട്ടുണ്ട്. അവ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. അതീവ രഹസ്യമായാണ് വേട്ടക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
എല്‍ദോയാണ് കാടുകളില്‍ പലപ്പോഴും സഞ്ചരിച്ച് ആനവേട്ടക്കുള്ള വഴിയൊരുക്കിയിരുന്നത്. വിവരങ്ങള്‍ വനം വകുപ്പ് അറിയാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുത്തിരുന്നത് റിട്ടയേര്‍ഡ് വാച്ചര്‍ കുഞ്ഞുകുഞ്ഞാണ്. എന്നാല്‍ വേട്ടയില്‍ മനം നൊന്ത് കുഞ്ഞുകുഞ്ഞ് ഈയിടെ വനം വകുപ്പിനു കീഴടങ്ങി മുന്‍കാല ചെയ്തികള്‍ ഉദ്യേഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഒളിവിലുള്ള ഏഴു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
