
കോടതിവളപ്പില്‍ കാമുകീഭര്‍ത്താവിന്റെ കുത്തേറ്റയാള്‍ മരിച്ചു
Posted on: 20 Jun 2015

കോഴിക്കോട്: വ്യാഴാഴ്ച ജില്ലാ കോടതി പരിസരത്തുവെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റ യുവാവ് മരിച്ചു. കോടഞ്ചേരി വെള്ളാപള്ളി വീട്ടില്‍ വി. ജിന്റോ (25)യാണ് മരിച്ചത്. ഇയാളോടൊപ്പം കുത്തേറ്റ കോടഞ്ചേരി മൈക്കാവ് പുന്നക്കൊമ്പില്‍ വീട്ടില്‍ ബിന്ദു (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇരുവരെയും കുത്തിയ ഓട്ടോഡ്രൈവര്‍ കോടഞ്ചേരി മൈക്കാവ് കൊട്ടാരപ്പറമ്പില്‍ വീട്ടില്‍ കെ.എസ്. സുനില്‍കുമാറിനെതിരെ (42) ടൗണ്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. സുനില്‍കുമാറിന്റെ ഭാര്യയാണ് ബിന്ദു. സുനില്‍കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.
ശസ്ത്രക്രിയ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ബിന്ദുവിന്റെ മൊഴി കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കുന്ദമംഗലം ബാലകൃഷ്ണന്‍ പടിഞ്ഞാറത്ത് നേരിട്ടെത്തി രേഖപ്പെടുത്തി. സുനില്‍കുമാര്‍ ജയിലിലും ബിന്ദു ആസ്പത്രിയിലുമായതോടെ ഇവരുടെ പന്ത്രണ്ടും ഏഴും വയസ്സുള്ള ആണ്‍മക്കളെ സുനില്‍കുമാറിന്റെ ബന്ധുക്കള്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജില്ലാ കോടതിയുടെ വടക്കെ ഗെയിറ്റിന് സമീപം കോണ്‍വെന്റ് റോഡില്‍ െവച്ചാണ് ബിന്ദുവിനെയും കാമുകനെയും സുനില്‍കുമാര്‍ ആക്രമിച്ചത്. രണ്ടാം തവണയും കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെയും രണ്ടാമത്തെ മകനെ നല്‍കാതെ ഭീഷണിപ്പെടുത്തിയതിന്റെയും വൈരാഗ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊറിയര്‍ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായ ജിന്റോ വെള്ളിയാഴ്ച പുലര്‍ച്ചെ 5.35ന് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരിച്ചത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. പുറത്തുചാടിയ കുടല്‍ ശസ്ത്രക്രിയയില്‍ ഒരു മീറ്ററോളം മുറിച്ചുമാറ്റി. ഇയാളുടെ വൃക്കയ്ക്കും പരിക്കേറ്റിരുന്നു.
ജിന്റോയുടെ സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10.30ന് കോടഞ്ചേരി സെന്റ്‌മേരീസ് പള്ളിയില്‍ നടക്കും. പിതാവ്: ജോസഫ് സെബാസ്റ്റ്യന്‍. അമ്മ: ആന്‍സമ്മ. സഹോദരങ്ങള്‍: ജിന്റു, ടിന്റു.
