Crime News

കത്തിക്കുത്ത്: കോടതി പരിസരം വിറങ്ങലിച്ചു

Posted on: 19 Jun 2015


കോഴിക്കോട് കോടതിക്ക് സമീപം കത്തിക്കുത്തുണ്ടായ സ്ഥലത്ത് ചോര കെട്ടിക്കിടക്കുന്നത് പോലീസ് ഷീറ്റുകൊണ്ട് മൂടുന്നു


കോഴിക്കോട്: ഓട്ടോറിക്ഷയില്‍ വന്നിറങ്ങി ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതി പരിസരത്തെ പരിഭ്രാന്തിയിലാക്കി.കുത്തിയ ആള്‍ യാതൊരു ഭാവപ്രകടനവും ഇല്ലാതെ അവിടെത്തന്നെ നിന്ന് സ്ഥലത്തെത്തിയ പോലീസിന് മുമ്പാകെ കീഴടങ്ങിയതും കുത്തേറ്റ് രക്തംവാര്‍ന്ന് നടുറോഡില്‍ കിടന്ന യുവതിയെയും യുവാവിനെയും അഭിഭാഷകര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയതും നാടകീയ രംഗങ്ങളാണ് കോണ്‍വെന്റ് റോഡില്‍ സൃഷ്ടിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭാര്യാ കാമുകനെയും ഭാര്യയെയും ഓട്ടോ ഡ്രൈവറായ സുനില്‍കുമാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിവാഹമോചനത്തിന് സംയുക്ത അപേക്ഷ നല്‍കാമെന്ന് പറഞ്ഞ് സുനില്‍കുമാര്‍ ഭാര്യ ബിന്ദുവിനെയും കാമുകന്‍ ജിന്റോയെയും വിളിച്ചുവരുത്തി കോടതിയിലേക്ക് ഓട്ടോറിക്ഷയില്‍ എത്തുകയായിരുന്നു. കോടതി ഗെയിറ്റിന് സമീപം ഓട്ടോ ഇറങ്ങി ജിന്റോ ഡ്രൈവര്‍ക്ക് പണം നല്‍കുന്നതിനിടെയാണ് സുനില്‍കുമാര്‍ അക്രമം ആരംഭിച്ചത്.

രണ്ട് മതവിഭാഗത്തില്‍പ്പെട്ട സുനില്‍കുമാറും ബിന്ദുവും പതിമ്മൂന്ന് വര്‍ഷം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് നിലനില്‍ക്കെ വിവാഹിതരായത്. ഇതില്‍ ഇവര്‍ക്ക് പന്ത്രണ്ടും ഏഴും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍മക്കളുമുണ്ട്.
ഇതിനിടെ ബിന്ദു കോടഞ്ചേരിയില്‍ ജിന്റോയുടെ ബന്ധുവിന്റെ ഒരു ഫാന്‍സി കടയില്‍ ജോലിക്ക് പോയി. അവിടെ വെച്ച് രൂപപ്പെട്ട സൗഹൃദം ഇരുവരും ഒളിച്ചോടുന്നതിന് വഴിവെച്ചു. പിന്നീട്, ബിന്ദുവിന്റെ ബന്ധുക്കള്‍ ഇടപെട്ട് തിരികെ കൊണ്ടുവരികയും സുനില്‍കുമാര്‍ സ്വീകരിക്കുകയും ചെയ്തു. അടുത്തിടെ വീണ്ടും ഇവരുടെ ബന്ധം ശക്തിപ്പെട്ടെന്ന് തോന്നിയപ്പോഴാണ് കോടഞ്ചേരിയിലെ വീട് വിറ്റ് നിലമ്പൂരിലേക്ക് മാറിത്താമസിക്കാന്‍ സുനില്‍കുമാറിനെ പ്രേരിപ്പിച്ചത്. കുട്ടികളെ നിലമ്പൂരിലെ സ്‌കൂളില്‍ മാറ്റിച്ചേര്‍ത്തി രണ്ടാഴ്ച മുമ്പ് അവിടേക്ക് മാറിത്താമസിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ അവിടെനിന്ന് ഇളയമകനുമായി ജിന്റോയ്ക്ക് ഒപ്പംപോയ ബിന്ദു വ്യാഴാഴ്ച രാവിലെയാണ് കോഴിക്കോട്ടെത്തിയത്. ജിന്റോയും സുഹൃത്തും ഇളയമകനും ഒപ്പം ഉണ്ടായിരുന്നു. ജിന്റോയുടെ സുഹൃത്തിനെ മകനെ ഏല്‍പ്പിച്ചാണ് ഇരുവരും സുനില്‍കുമാറിനോടൊപ്പം ഓട്ടോറിക്ഷയില്‍ കോടതിയിലേക്കെത്തിയത്.

 

 




MathrubhumiMatrimonial