Crime News

ദേവയാനി ഒളിവില്‍ കഴിഞ്ഞത് കുവൈത്തിലെ ഫുഡ്‌കോര്‍ട്ടില്‍

Posted on: 19 Jun 2015


കൊച്ചി: മിനി എന്ന പേരിലും പിന്നീട് മതം മാറി ആനി വര്‍ഗീസ് എന്ന പേരിലും അറിയപ്പെടുന്ന ദേവയാനി നാട്ടിലേക്ക് മടങ്ങിയെത്തിയത് ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്ന്. ഇവര്‍ക്കായി ക്രൈം ബ്രാഞ്ച് കഴിഞ്ഞ മാസം ഗള്‍ഫ് രാജ്യങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ സമയം കുവൈത്തിലെ ഒരു ഫുഡ്‌കോര്‍ട്ടില്‍ വേലക്കാരിയായി ജോലി നോക്കി വരികയായിരുന്നു ഇവര്‍. വ്യാജ വിസയില്‍ പോയതിനാല്‍ ദുബായ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിച്ചിരുന്ന ദേവയാനിയെ മലയാള പത്രങ്ങളിലെ ഫോട്ടോ കണ്ടാണ് കൂടെ ജോലി ചെയ്യുന്നവര്‍ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് മലയാളിയായ സ്ഥാപനമുടമ ഇവരോട് നാട്ടിലേക്കു മടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ തീവണ്ടിയില്‍ കണ്ണൂരിലേക്കു വരുമ്പോഴാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുന്നത്.

2006-ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയതിന് ദുബായ് പോലീസ് ഇവരെ പിടികൂടിയിരുന്നു. അവിടെ നിന്ന് നാട്ടിലെത്തിയ ശേഷം മതം മാറി ആനി വര്‍ഗീസ് എന്ന പേര് സ്വീകരിച്ചാണ് ദുബായിലേക്ക് കടന്നത്. പിന്നീട് ഇതേ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാറ്റിയെഴുതി ജനനത്തീയതി തെറ്റിച്ചും ഇവര്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിയിരുന്നു. മൂന്നാമത്തെ പാസ്‌പോര്‍ട്ടില്‍ മാത്രമാണ് ദേവയാനി കണ്ണൂര്‍ ഇരിട്ടിയിലെ സ്വന്തം മേല്‍വിലാസം നല്‍കിയിരിക്കുന്നത്. ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കിയതിന് ഇവര്‍ക്കെതിരെ ലോക്കല്‍ പോലീസും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും.

 

 




MathrubhumiMatrimonial