Crime News

സ്വര്‍ണക്കടത്ത്: അന്വേഷണം മലപ്പുറേത്തയ്ക്കും

Posted on: 19 Jun 2015


നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുന്നു. കൊച്ചി വിമാനത്താവളം വഴി മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘവും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്.
കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ പഴനി ആണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇവരുടെ നിര്‍ദേശപ്രകാരം കസ്റ്റംസിന്റെ പ്രത്യേക സംഘം മലപ്പുറം ജില്ലയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രധാനമായും മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ് വിവരം.
മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി റിംസദ് (26), പെരുമ്പാവൂര്‍ സ്വദേശി ജീവന്‍ നായര്‍ (24) എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മലപ്പുറം സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. വിമാനത്താവളത്തിലെത്തി ഇവരില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങുന്ന മലപ്പുറം സ്വദേശിയെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികിട്ടിയാല്‍ മാത്രമേ മലപ്പുറം സംഘത്തെ കുറിച്ച്്് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.
കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും കൂടുതല്‍ പേരെ പിടികിട്ടാനുണ്ട്. മുങ്ങി നടക്കുന്ന എട്ട് പേര്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ 27 പേരെ അറസ്റ്റ്്്്് ചെയ്തിട്ടുണ്ട്്്.

 

 




MathrubhumiMatrimonial