
മാവോവാദി വീരമണിയെ കേരള പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു
Posted on: 17 Jun 2015

പാലക്കാട്: മാവോവാദി പ്രവര്‍ത്തനത്തിന്റെപേരില്‍ തമിഴ്‌നാട് പോലീസിന്റെ അറസ്റ്റിലായ ബെംഗളൂരുസ്വദേശി വീരമണിയെ (ഈശ്വര്‍) കേരള പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍വാങ്ങി. അട്ടപ്പാടിയില്‍ മാവോവാദികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വീരമണിയെയും പ്രതിചേര്‍ത്ത് അഗളി, ഷോളയൂര്‍ പോലീസ്സ്‌റ്റേഷനുകളില്‍ കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയാണ് പാലക്കാട്ടെ കോടതിയില്‍ ഹാജരാക്കിയത്.
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന വീരമണിയെ അഗളി പോലീസ് അവിടെയെത്തിയാണ് കസ്റ്റ!ഡിയിലെടുത്തത്. തുടര്‍ന്ന്, അഗളിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ചൊവ്വാഴ്ച ഉച്ചയോടെ പാലക്കാട് ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി വി.ജി. അനില്‍കുമാറിനുമുന്നില്‍ ഹാജരാക്കി. പ്രതിയെ ചോദ്യംചെയ്യുന്നതിനായി 10 ദിവസം കസ്റ്റഡിയില്‍വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
വീരമണിക്കെതിരെ അട്ടപ്പാടിമേഖലയില്‍ മൂന്ന് കേസാണ് നിലവിലുള്ളതെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. മൂന്ന് കേസില്‍ ചോദ്യംചെയ്യുന്നതിനായി എന്തിനാണ് പത്തുനാളെന്ന് കോടതി ചോദിച്ചു. പ്രതി അട്ടപ്പാടിമേഖലയില്‍ വിവിധയിടങ്ങളില്‍ കാല്‍നടയായി മാവോവാദി പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അവിടെയെല്ലാം തെളിവെടുപ്പുനടത്താന്‍ പത്തുനാള്‍ വേണമെന്നുമായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍, പ്രതിയെ നാലുനാള്‍മാത്രം പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടു. പ്രതിക്കുവേണ്ടി ആരും കോടതിയില്‍ ഹാജരായില്ല.
അട്ടപ്പാടിയില്‍ ദേശദ്രോഹം വളര്‍ത്തുംവിധം പ്രവര്‍ത്തിക്കുകയും അതിന് വഴിയൊരുക്കുംവിധം പ്രചാരണം നടത്തുകയും ചെയ്‌തെന്നാണ് വീരമണിക്കെതിരെയുള്ള കുറ്റങ്ങള്‍. ഇതിനായി ആയുധങ്ങള്‍ കൈവശംവെച്ചെന്ന മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്. അഗളി ഡിവൈ.എസ്.പി. കെ.പി. ബാബുരാജും സംഘവുമാണ് വീരമണിയെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍നിന്നിറങ്ങിയശേഷം അങ്കണത്തില്‍ മുദ്രാവാക്യവും വിളിച്ചു.
ഇതിനിടെ, കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മൂന്ന് മാവോവാദികള്‍ അഭിഭാഷകര്‍വഴി കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. കേരള പോലീസ് കസ്റ്റഡിയിലെടുത്ത വീരമണി, അനൂപ്, സി. കണ്ണന്‍ എന്നിവരാണ് കോയമ്പത്തൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കോടതി ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.
