
കഞ്ചാവുകടത്ത്: രണ്ടുപേര്‍ പിടിയില്‍
Posted on: 17 Jun 2015

എറണാകുളം പെരുമ്പാവൂര്‍ പാങ്കോട് പള്ളിക്കവല, വടക്കേതില്‍ നിധീഷ്‌കുമാര്‍ (23), ഇയാളുടെ ജ്യേഷ്ഠന്‍ നിഖില്‍കുമാര്‍ (25) എന്നിവരെയാണ് പീരുമേട് പോലീസ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പാറയ്ക്കുസമീപം മേഖലയില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയണ് സംഭവം.
റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുസമീപം പരിശോധനയ്ക്ക് പോലീസെത്തിയപ്പോള്‍ പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി സുജിത്തും നിഖില്‍കുമാറും കാറില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. 20 അടി താഴ്ചയിലേക്കുവീണ നിഖില്‍കുമാറിന് നട്ടെല്ലിനു ഗുരുതരപരിക്കേറ്റു. പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുജിത്ത് ഓടിരക്ഷപ്പെട്ടു. പിന്നീടു നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 850 ഗ്രാം കഞ്ചാവ് കണ്ടെത്തി. പൊതുവിപണിയില്‍ 12,000ത്തോളം രൂപ വിലയാകുമെന്ന് പോലീസ് പറഞ്ഞു.
കമ്പത്തുനിന്നു വാങ്ങിയതാണ് കഞ്ചാവെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. കുമളിയില്‍നിന്നു പാമ്പനാറ്റിലെത്തിയശേഷം മേമലവഴി വാഗമണ്‍ ഭാഗത്തേക്ക് പോകുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. കമ്പത്തുനിന്നു കഞ്ചാവുവാങ്ങി വില്‍ക്കുന്നതിന്, ഇവര്‍ ബസ്സില്‍ നാട്ടിലെത്തിക്കുകയായിരുന്നു പതിവ്. ഇത്തവണ വാടകയ്‌ക്കെടുത്ത കാറുമായാണെത്തിയത്.
പീരുമേട് പോലീസ് സി.ഐ. പി.വി.മനോജ്കുമാര്‍, സബ്ഇന്‍സ്‌പെക്ടര്‍ ഷുക്കൂര്‍, പ്രൊബേഷന്‍ എസ്.ഐ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ നിധീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
