Crime News

അഭയക്കേസിലെ ഡയറി നശിപ്പിക്കല്‍: പഴയ ഫയലുകള്‍ കണ്ടെത്തിയില്ലെന്ന് സി.ബി.ഐ.

Posted on: 16 Jun 2015


കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ അവരുടെ ശിരോവസ്ത്രം, ഡയറി തുടങ്ങിയവ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ പഴയ പല ഫയലുകളും കണ്ടെത്താനായില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അന്തിമ അനുബന്ധ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനക്കും അനുമതിക്കുമായി നല്‍കിയിരിക്കയാണെന്ന് സി.ബി.ഐ. പറയുന്നു.

തൊണ്ടിവസ്തുക്കള്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് ക്രൈംബ്രാഞ്ച് എസ്.പി.ആയ കെ.ടി.മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്. വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ജൂണ്‍ 30 വരെ സാവകാശം വേണമെന്നാണ് സി.ബി.ഐ. എസ്.പി. വി.ദേവ്രാജ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് പിന്നീട് ഹൈക്കോടതിയുടെ പരിഗണനക്ക് വരും.

അന്വേഷണത്തിന്റെ ഭാഗമായി 48 പേരുടെ മൊഴിയെടുത്തുവെന്ന് സി.ബി.ഐ. വിശദീകരണത്തില്‍ പറയുന്നു. 1992-93-ലെ ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്റര്‍, അവകാശപ്പെടാനാരുമില്ലാത്ത വസ്തുക്കളുടെ രജിസ്റ്റര്‍, അഭയ കേസുമായി ബന്ധപ്പെട്ട് കോട്ടയം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെ ഫയലുകള്‍ എന്നിവ പരിശോധിച്ചു.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, കേരള പോലീസ് ഫോമുകള്‍, കേസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍, സെര്‍ച്ച് ലിസ്റ്റുകള്‍ തുടങ്ങിയവ പരിശോധിച്ച രേഖകളിലുള്‍പ്പെടും. കോട്ടയം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിലെ പഴയ ഫയലുകള്‍ വീണ്ടെടുക്കാന്‍ ഓഫീസിലെ ജീവനക്കാരുമായി ചേര്‍ന്ന് ശ്രമം നടത്തി. എന്നാല്‍ 1992-93 കാലത്തെ പഴയ ഫയലുകളൊന്നും അധികമായി കണ്ടെത്താനായില്ല.

കോട്ടയം സബ് ഡിവിഷണല്‍ ഓഫീസിലും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും അക്കാലത്ത് ജോലി ചെയ്ത എല്ലാ ജീവനക്കാരെയും കണ്ടെത്താനും ശ്രമം നടത്തി. അതിന്റെ ഭാഗമായാണ് 48 പേരുടെ മൊഴിയെടുത്തത്. സിസ്റ്റര്‍ അഭയ വധക്കേസിലെ തൊണ്ടി മുതലുകള്‍ താനാണ് നശിപ്പിച്ചതെന്ന് ആരോപണമുയര്‍ന്നെങ്കിലും അത് ശരിയല്ലെന്ന് തെളിയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിച്ചില്ലെന്ന് മൈക്കിള്‍ പറയുന്നു.

തെളിവ് നശിപ്പിക്കാനായി ആരെങ്കിലും അവ മനപ്പൂര്‍വം ഒഴിവാക്കിയതാണോ എന്ന് സി.ബി.ഐ.അന്വേഷിക്കണമെന്ന് ഹൈക്കോടതി 2014-ല്‍ നിര്‍ദേശിച്ചു. അതനുസരിച്ചാണ് സി.ബി.ഐ. അന്വേഷണം നടത്തി അന്തിമ അനുബന്ധ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

 

 




MathrubhumiMatrimonial