Crime News

നിലമ്പൂര്‍ രാധ വധം: പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് സര്‍ക്കാറിന്റെ അപ്പീല്‍

Posted on: 16 Jun 2015


കൊച്ചി: നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന രാധ കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ക്കും വധശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഒന്നാം പ്രതി ബി.കെ. ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയായിരുന്നു മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷ. ജസ്റ്റിസ് വി.കെ. മോഹനനും ജസ്റ്റിസ് രാജാ വിജയരാഘവനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ നോട്ടീസിന് ഉത്തരവിട്ടിട്ടുണ്ട്.

രാധയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അസാധാരണമായ ഈ കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്ത് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് അപ്പീലിലെ ആവശ്യം.

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ സെക്രട്ടറിയായിരുന്നു ബിജു. ഷംസുദ്ദീന്‍ ബിജുവിന്റെ സുഹൃത്താണ്. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണിത്. 2014 ഫിബ്രവരി 5-നാണ് കേസിനാസ്പദമായ സംഭവം. മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി കുളത്തില്‍ താഴ്ത്തിയെന്നാണ് കേസ്.

രണ്ടുപേര്‍ ഉള്‍പ്പെട്ട കേസില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാല്‍ ഗൂഢാലോചന, കീഴ് ജീവനക്കാരിയെ ദ്രോഹിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം തെളിയിക്കാനായില്ലെന്നായിരുന്നു വിചാരണക്കോടതി കണ്ടെത്തിയത്. 2015 ഫിബ്രവരിയിലാണ് വിചാരണക്കോടതി രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴശിക്ഷയും വിധിച്ചത്.

 

 




MathrubhumiMatrimonial