Crime News

ലത്തീഫ് അറസ്റ്റില്‍: ആക്രമണം ആസൂത്രണം ചെയ്തതെന്ന് മൊഴി

Posted on: 16 Jun 2015


തളിപ്പറമ്പ്: അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ പരിയാരത്തെ എസ്.ഐ. കെ.എം.രാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതി കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് ലത്തീഫിനെ (40) സി.ഐ. കെ.വിനോദ് കുമാര്‍ അറസ്റ്റുചെയ്തു. മംഗലാപുരം ആസ്പത്രിയില്‍ ചികിത്സകഴിഞ്ഞ ലത്തീഫിനെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്ത് തിങ്കളാഴ്ച ഉച്ചയോടെ തളിപ്പറമ്പ് സി.ഐ. ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി.

എസ്.ഐ. രാജന്‍ മെയ് 16-ന് പുലര്‍ച്ചെയാണ് ആക്രമിക്കപ്പെട്ടത്. ലത്തീഫിനെ ചോദ്യംചെയ്ത പോലീസ് പറയുന്നതിങ്ങനെ: പാറോളിക്കടവില്‍നിന്ന് ലത്തീഫ് ഓടിച്ച ലോറിയുടെ പിറകില്‍ കയറിയപ്പോള്‍മുതല്‍ വാഹനം നിര്‍ത്താന്‍ എസ്.ഐ. പലതവണ ആവശ്യപ്പെട്ടു. പക്ഷേ, ലത്തീഫ് നിര്‍ത്തിയില്ല. പകരം മറ്റ് പ്രതികളെക്കൂടി ഫോണില്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. എസ്.ഐ.യെ വഴിയില്‍ തള്ളിയശേഷം ചെറുപുഴയില്‍ ലോറിയുപേക്ഷിച്ച സംഘം പാടിച്ചാലിലെത്തി കാറില്‍ പടപ്പേങ്ങാട്ട് വന്നു. അവിടെ ബന്ധുവീട്ടിലെ താമസം പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെയാണ് മംഗലാപുരത്തേക്ക് രക്ഷപ്പെട്ടത്.

ഒളിവിലെ യാത്രയില്‍ ലത്തീഫിനൊപ്പം മറ്റ് പ്രതികളായ യൂനസ്, സാദിഖ്, ഹക്കീം, റഷീദ് എന്നിവരുമുണ്ടായിരുന്നു. ഒരുലക്ഷത്തോളം രൂപ ചെലവായി. മംഗളൂരു, ബെംഗളൂരു, സേലം, മധുര, ഏര്‍വാടി, മൈസൂര്‍, കുന്ദാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് താമസിച്ചതും യാത്രചെയ്തതും. അസുഖത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പോകാന്‍ ശ്രമിക്കവെ മംഗലാപുരത്തുവെച്ച് കൂടെയുള്ളവര്‍ പല വഴി പിരിഞ്ഞു.
മണല്‍ പിടിച്ചാല്‍ സഹായിക്കാറുള്ള പോലീസുകാര്‍ക്കും ചില രാഷ്ട്രീയ നേതാക്കള്‍ക്കും തുക നല്കിയതായും ലത്തീഫ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയില്‍നിന്ന് പണം പറ്റിയ പോലീസുകാരെക്കുറിച്ച് ഔദ്യോഗികതലത്തില്‍ അന്വേഷണം ഉണ്ടാകും.

ലത്തീഫിനെ ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. വധശ്രമക്കേസില്‍ പിടികൂടാനുള്ള മറ്റ് പ്രതികള്‍ക്കുവേണ്ടിയും പോലീസ് തിരിച്ചിലാരംഭിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial