Crime News

പോലീസ് അന്വേഷണം തുടങ്ങി

Posted on: 16 Jun 2015


കണ്ണൂര്‍: പിന്തിരിപ്പന്‍മാര്‍ക്ക് ഇനിയും നിദ്രയില്ലാരാത്രികള്‍ സമ്മാനിക്കുമെന്ന മുന്നറിയിപ്പുമായി മാവോവാദി വാര്‍ത്താ ബുള്ളറ്റിനായ 'കാട്ടുതീ'. തിങ്കളാഴ്ചയാണ് കാട്ടുതീയുടെ കോപ്പികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുകൊടുത്തത്. മന്ത്രി ചെന്നിത്തലയ്ക്കുള്ള പ്രത്യേക മറുപടിയും ഇതിലുണ്ട്.
കാട്ടുതീയില്‍ സി.പി.ഐ (മാവോയിസ്റ്റ്) കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലുള്ള കുറിപ്പിലാണ് ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്കും സര്‍ക്കാരിനുമെതിരെ കടുത്ത താക്കീത് നല്‍കുന്നത്. സഖാക്കള്‍ അറസ്റ്റുചെയ്യപ്പെട്ടശേഷം ചെന്നിത്തലയും സംഘവും പരസ്പരം പുറത്തുതട്ടി അഭിന്ദിക്കുകയാണെന്നും മാവോവാദികള്‍ തകര്‍ന്നു എന്നും പറയുന്നു. പാര്‍ട്ടിയും നേതൃത്വവും ജനകീയ വിമോചന ഗറില്ലാസേനയും സ്‌ക്വാഡുകളും പശ്ചിമഘട്ടമേഖലയില്‍ ഇപ്പോഴും ശക്തമാണ്. കുറച്ചുപേരെ അറസ്റ്റുചെയ്താല്‍ ഇല്ലാതാകുന്നതല്ല ആ ശക്തി.
ആകാശം ഇടിഞ്ഞുവീഴുന്ന ഒരു കാര്യവും മാവോവാദികള്‍ ഇവിടെ ചെയ്തിട്ടില്ല.
മാവോവാദികള്‍ക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയില്ലെന്ന ചെന്നിത്തലയുടെ ജല്പനം പഴകി ദ്രവിച്ച നാടുവാഴിത്ത ഹുങ്കാണ്. കപട ജനാധിപത്യ വ്യവസ്ഥയെ നശിപ്പിക്കാന്‍ ജനം തയ്യാറാവും, അവര്‍ക്കൊപ്പം മാവോവാദി പാര്‍ട്ടിയുമുണ്ടാവുമെന്നും വര്‍ഗീസ് അടക്കമുള്ള സഖാക്കളെ കൊന്നൊടുക്കിയ ചരിത്രം ആവര്‍ത്തിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നാല് പേജുള്ള ലഘുലേഖയാണ് പത്രഓഫീസുകളില്‍ ലഭിച്ചത്. രണ്ട് മുതല്‍ നാലുവരെയുള്ള പേജുകളില്‍ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിവക്താവ് ജോഗി മന്ത്രി ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നു. തങ്ങള്‍ ജനങ്ങള്‍ക്കെതിരായി ഒരാക്രമണവും നടത്തിയിട്ടില്ലെന്നും തകരാന്‍ പോകുന്നത് ചെന്നിത്തലയുടെയും ഭരണകൂടത്തിന്റെയും ചൂഷക വര്‍ഗങ്ങളുടെയും സ്വപ്‌നങ്ങളാണെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് ജോഗിയുടെ കുറിപ്പ് അവസാനിക്കുന്നത്.

കണ്ണൂര്‍:
കാട്ടുതീയുടെ കോപ്പി പുറത്തിറങ്ങിയ സാഹചര്യത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അതേക്കുറിച്ച് അന്വേഷണം തുടങ്ങി. ഇവ ആര് എങ്ങനെ എത്തിച്ചു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. കാട്ടുതീയുടെ കോപ്പികളും അവര്‍ മാധ്യപ്രവര്‍ത്തകരില്‍നിന്ന് സംഘടിപ്പിച്ചു.
രൂപേഷിന്റെ അറസ്റ്റോടെ മാവോവാദികള്‍ നിഷ് പ്രഭരായി എന്ന മട്ടില്‍ പ്രചാരണം നടക്കുന്നതിനിടെയാണ് തങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നറിയിച്ച് കാട്ടുതീ പുറത്തിറങ്ങിയത്.

 

 




MathrubhumiMatrimonial