
നിഷാമിനെ വിദഗ്ധ പരിശോധനയ്ക്ക് ഇന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകും
Posted on: 16 Jun 2015
കോടതി നിര്‍ദേശമെത്തി
കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് വിദഗ്ധ പരിശോധന നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ട് കോടതി ഉത്തരവെത്തി.
കഴിഞ്ഞ ദിവസം തപാലിലാണ് കോടതി നിര്‍ദേശം സെന്‍ട്രല്‍ ജയിലധികൃതര്‍ക്ക് ലഭിച്ചത്. നിഷാമിനെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി വിദഗ്ധ പരിശോധന നടത്തും. മെഡിക്കല്‍ സൂപ്രണ്ടിന്റെ വിശദമായ റിപ്പോര്‍ട്ട് ജൂണ്‍ 18 നകം കോടതിക്ക് നല്‍കാനാണ് നിര്‍ദേശം.
കാഴ്ചക്കുറവ്, കേള്‍വി തകരാര്‍, നടുവേദന തുടങ്ങിയ രോഗങ്ങളുള്ളതായാണ് നിഷാം കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. ഇത് പരിഗണിച്ച തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജയില്‍ സൂപ്രണ്ടിനോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
നിലവിലുള്ള രോഗം, നല്‍കിവരുന്ന ചികില്‍സ, വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെങ്കില്‍ ആ വിവരം എന്നിവയാണ് കോടതി ആരാഞ്ഞിട്ടുള്ളത്. ആയുര്‍വേദ ചികില്‍സയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും വിദഗ്ധ ചികില്‍സ വേണമെന്നുമായിരുന്നു നിഷാമിന്റെ ആവശ്യം.
കോഴിക്കോട്ട് പരിശോധനയ്ക്ക് ഹാജരാക്കി അടുത്ത ദിവസം തന്നെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. നിഷാമിന് കാര്യമായ അസുഖങ്ങളൊന്നുമില്ലെന്നും ശരീര വേദന, ചെവി വേദന എന്നൊക്കെ പറയുമ്പോള്‍ ജയില്‍ ആസ്പത്രിയിലും ജില്ലാ ആസ്പത്രിയിലും ചികില്‍സ നല്‍കിയിരുന്നതായും ജയിലധികൃതര്‍ പറഞ്ഞു. വിദഗ്ധ ചികില്‍സയുടെ പേരില്‍ സുഖചികില്‍സ നേടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
