
വ്യാജ കാര്‍ഡിലൂടെ എ.ടി.എമ്മുകളില്‍നിന്ന് പണം തട്ടുന്ന സംഘാംഗം പിടിയില്‍
Posted on: 16 Jun 2015

എ.ടി.എം. കാര്‍ഡില്‍നിന്ന് ചോര്‍ന്ന് കിട്ടുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി ദുബായിക്ക് അയച്ച് കൊടുത്താണ് വ്യാജ കാര്‍ഡ് നിര്‍മിച്ചത്. ഇങ്ങനെ നിര്‍മ്മിക്കുന്ന വ്യാജ കാര്‍ഡുകള്‍ തിരിച്ച് കൊറിയര്‍ വഴി അയച്ച് കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ജിന്റോയുടെ പക്കല്‍നിന്ന് 19 എ.ടി.എം. കാര്‍ഡുകള്‍, അഞ്ച് മൊബൈല്‍ സിംകാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, ലാപ് ടാപ്പ്, കാര്‍ഡ് ഡിവൈസ് എന്നിവ കണ്ടെടുത്തു.
ഹൈദരാബാദ് സ്വദേശിയായ രഘുകുമാറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജിന്റോ അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച രഘുകുമാറും ഭാര്യയും ജിന്റോ ജോലി ചെയ്തിരുന്ന റിസോര്‍ട്ടില്‍ താമസിച്ചിരുന്നു. ഇവര്‍ മടങ്ങിപോകാന്‍ നേരത്ത് ബില്ല് തീര്‍ക്കാന്‍ എ.ടി.എം. കാര്‍ഡ് ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്ന ജിന്റോയ്ക് നല്‍കി. കാര്‍ഡ് റീഡ് ചെയ്യുന്ന സമയത്ത് തന്നെ ജിന്റോ കൈവശമുണ്ടായിരുന്ന ജി.പി.എസ്. സംവിധാനത്തോടെയുള്ള കാര്‍ഡ് ഡിവൈസ് ഉപയോഗിച്ച് എ.ടി.എം. കാര്‍ഡിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്തു. ഇത് പിന്നീട് ദുബായിലുള്ള ജിന്റോയുടെ സംഘാംഗമായ കാഞ്ഞങ്ങാട് സ്വദേശി ഫഹദിന് നല്‍കി. ഫഹദാണ് ഓണ്‍ലൈനായി ലഭിച്ച പാസ് വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാജകാര്‍ഡ് നിര്‍മ്മിച്ചത്. പൈസയില്ലാത്ത എ.ടി.എം. കാര്‍ഡിലേക്ക് ഈ വിവരങ്ങള്‍ ഡീകോഡ് ചെയ്താണ് വ്യാജകാര്‍ഡ് നിര്‍മ്മിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെ നിര്‍മ്മിച്ച കാര്‍ഡ് ജിന്റോയ്ക് അയച്ച് കൊടുക്കുകയും രണ്ട് ബാങ്കുകളില്‍ നിന്നായി രഘുകുമാറിന്റെ അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തതായി ജില്ലാ പോലീസ് ചീഫ് വി. സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രഘുകുമാര്‍ ഹൈദരാബാദിലെത്തിയപ്പോള്‍ പണം ആലപ്പുഴയില്‍ വച്ച് പിന്‍വലിച്ചതായി മെസേജ് മൊബൈലില്‍ ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ജിന്റോയ്‌ക്കെതിരെ പണം തട്ടിപ്പിനും സൈബര്‍ തട്ടിപ്പിനുമാണ് കേസെടുത്തത്. ബി.കോം. കഴിഞ്ഞശേഷം സി.എ. ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു ജിന്റോ. 20 ദിവസം മുമ്പാണ് ഇയാള്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്ക് കയറിയത്. കേസന്വേഷണത്തിന് ആലപ്പുഴ ഡിവൈ.എസ്.പി. കെ. ലാല്‍ജി, നോര്‍ത്ത് സി. ഐ.വി. ബാബു, ടൂറിസം എസ്.ഐ. മുരളീധരന്‍ എന്നിവരുണ്ടായിരുന്നു.
