
കണ്ണൂര്‍ നഗരം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി തലയ്ക്കടിച്ച് കൊല
Posted on: 15 Jun 2015

ആദ്യമൊന്നും ആളെ തിരിച്ചറിഞ്ഞില്ല. സമീപമുണ്ടായിരുന്ന തുണിസഞ്ചിയില്‍നിന്ന് ലഭിച്ച ഫോണ്‍നമ്പറില്‍ വിളിച്ച് ആളെ വരുത്തിയാണ് മരിച്ചത് ചാലാട് സ്വദേശി പ്രസൂണാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
വീടുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത പ്രസൂണ്‍ നഗരത്തില്‍ കടവരാന്തയിലും മറ്റുമാണ് അന്തിയുറക്കം. ഉറക്കത്തിനിടെ ആരോ വെട്ടുകല്ലെടുത്ത് തലയ്ക്കടിച്ച് കൊന്നതായാണ് കരുതുന്നത്. മൃതദേഹത്തിനു സമീപത്ത് ചോരപുരണ്ട രണ്ട് വെട്ടുകല്ലും കണ്ടെത്തി. സമീപത്ത് ചോര തളംകെട്ടിനില്‍ക്കുന്നുണ്ട്. മുണ്ട് പുതച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അരികില്‍ ചെരുപ്പുകള്‍ ഊരിവെച്ചിട്ടുണ്ട്. കിടന്നുറങ്ങുന്നതിനിടെ തലയ്ക്ക് കല്ലിട്ട് കൊന്നതായാണ് പോലീസ് നിഗമനം.
നഗരത്തില്‍ ചുറ്റിത്തിരിയുന്ന മാനസികനിലതെറ്റിയ ആരെങ്കിലുമാണോ, കവര്‍ച്ചയുദ്ദേശിച്ച് നടത്തിയതാണോ, മദ്യപിച്ച് ലഹരിയിലാണ്ട ആരെങ്കിലും ചെയ്തതാണോ എന്നിങ്ങനെ പലതരം സംശയങ്ങളാണ് ഉയരുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും രാത്രി സുരക്ഷിതമല്ല. സാമൂഹികവിരുദ്ധരും കവര്‍ച്ചക്കാരും ലഹരിയിലാണ്ടവരും പല ഭാഗത്തായി തമ്പടിക്കും. മറുനാട്ടില്‍ നിന്നെത്തിയ തൊഴിലാളിസംഘങ്ങളും മറ്റും മദ്യപിച്ച് അടികൂടുന്നതും പരസ്പരം പരിക്കേല്‍പ്പിക്കുന്നതും പതിവാണ്. മാസങ്ങള്‍ക്കുമുമ്പ് പഴയബസ്സ്റ്റാന്‍ഡിനടുത്ത് യുവാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.
മരിച്ച പ്രസൂണിന്റെ സഞ്ചിയില്‍ 250 രൂപയുണ്ടായിരുന്നു. അതൊന്നും നഷ്ടപ്പെട്ടില്ല. കവര്‍ച്ചയല്ല ലക്ഷ്യമെന്നാണ് പോലീസ് കരുതുന്നത്. ഏറ്റുമുട്ടല്‍ നടന്നതായും ലക്ഷണമില്ല. ഉറക്കത്തിനിടെ വലിയ കല്ല് തലയ്ക്ക് മുകളിലിടുകയായിരുന്നു. നഗരത്തില്‍ കടവരാന്തയിലും മറ്റും തങ്ങുന്നവരെയും മാനസികനിലതെറ്റി അലയുന്നവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. കടവരാന്തകളില്‍ കിടന്നുറങ്ങുന്നവരില്‍ പെട്ടെന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.
